കോട്ടയം :ജില്ലയിലെ കൊവിഡ് രോഗികളിൽ പകുതിയിലേറെപ്പേർ ചികിത്സയിൽ കഴിയുന്നത് വീടുകളിൽ. ഒക്ടോബർ 17 വരെയുള്ള കണക്കനുസരിച്ച് 3595 പേരാണ് വീടുകളിൽ താമസിക്കുന്നത്. അതത് മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ ഇവരുടെ ആരോഗ്യ സ്ഥിതി എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്കോ സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റും.ഇതുവരെ ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന 1613 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചശേഷം ആരോഗ്യ വകുപ്പിൽ നിന്ന് ബന്ധപ്പെടമ്പോൾ ഹോം ഐസൊലേഷനിൽ കഴിയാൻ ആഗ്രഹിക്കുന്നവരുടെ ആരോഗ്യസ്ഥിതിയും വീട്ടിലെ സൗകര്യങ്ങളും വിലിയിരുത്തിയശേഷമാണ് അനുമതി നൽകുന്നത്. കൊവിഡ് ആശുപത്രികളായ കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയം ജനറൽ ആശുപത്രിയിലുമായി ആകെ 190 കിടക്കകളാണുള്ളത്. ഇപ്പോൾ 120 രോഗികൾ ചികിത്സയിലുണ്ട്. ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങളുള്ള കൊവിഡ് ബാധിതരെ താമസിപ്പിക്കുന്ന നാലു സെക്കൻഡ് ലൈൻ കേന്ദ്രങ്ങളാണ് (സി.എസ്.എൽ.ടി.സി)ജില്ലയിലുള്ളത്. പാലാ ജനറൽ ആശുപത്രി, ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രി, ചങ്ങനാശേരി ജനറൽ ആശുപത്രി, മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം എന്നീ കേന്ദ്രങ്ങളിൽ ആകെ 415 കിടക്കളുണ്ട്. നിലവിൽ 174 രോഗികളാണുള്ളത്. 19 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ(സി.എഫ്.എൽ.ടി.സി) ആകെ 2023 കിടക്കകളുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലാത്ത 1436 രോഗികളാണ് ഇപ്പോൾ ഈ കേന്ദ്രങ്ങളിൽ കഴിയുന്നത്.