വൈക്കം: ഒറ്റപ്പെടലിൽ നിന്നു മോചിതരാകാൻ വയോജനങ്ങൾക്കായി ടി.വി പുരത്ത് വയോജന വിനോദ വിശ്രമകേന്ദ്രം. ജില്ലാ പഞ്ചായത്തിന്റെ ദ്വിവർഷ പ്രോജക്ടായി 2018-2019 കാലയളവിൽ സെബാസ്റ്റ്യൻ ആന്റണി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്താണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്തംഗം കെ.കെ.രഞ്ജിത്തിന്റെ ശ്രമഫലമായി ജില്ലാ പഞ്ചായത്തിൽ നിന്നു അനുവദിച്ച 42 ലക്ഷം, ടി വി പുരം പഞ്ചായത്തിന്റെ വിഹിതമായി 21ലക്ഷം, വൈക്കം ബ്ലോക്കു പഞ്ചായത്തിന്റെ എട്ട് ലക്ഷവുമടക്കം 71 ലക്ഷം രൂപ വിനിയോഗിച്ചാണ് വയോജനങ്ങൾക്ക് വിനോദത്തിനായി വിശ്രമകേന്ദ്രമൊരുക്കിയത്. 50 ഓളം പേർക്ക് ഇരുന്ന് ടിവി കാണാൻ കഴിയുന്ന മുറി, 1000 ത്തോളം പേർക്കിരിക്കാവുന്ന ഹാൾ, വിപുലമായ ടോയ്‌ലറ്റ് സൗകര്യം, ബാൽക്കണി തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ വയോജന വിശ്രമകേന്ദ്രം സമീപ സ്ഥലങ്ങളിലൊന്നുമില്ല. 20ന് രാവിലെ 10ന് ജില്ലാ പഞ്ചായത്തംഗം കെ.കെ.രഞ്ജിത്ത് മന്ദിരം നാടിന് സമർപ്പിക്കും. ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി മുഖ്യപ്രഭാഷണം നടത്തും.