
കോട്ടയം: ജില്ലയിൽ ഗുണ്ടാ ആക്രമണം തുടർകഥയായതോടെ കുപ്രസിദ്ധ ഗുണ്ടകളെ അകത്താക്കാൻ നടപടിയെടുത്ത് ജില്ലാ പൊലീസ് നേതൃത്വം. പത്തോളം ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ പൊലീസ് മേധാവി. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് റിപ്പോർട്ട് നല്കിയിട്ടുണ്ട്. ജില്ലയിലെ പത്തോളം ഗുണ്ടകളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പൊലീസ് പിടികൂടിയത്. കുപ്രസിദ്ധ ഗുണ്ട വിനീത് സഞ്ജയനും അമ്മഞ്ചേരി സിബിയും ഇതിൽ ഉൾപ്പെടുന്നു. കുപ്രസിദ്ധ ഗുണ്ട അലോട്ടിയെ കാപ്പ ചുമത്തി കഴിഞ്ഞയാഴ്ച പൂജപ്പുര സെന്റർ ജയിലിലടച്ചു. ചങ്ങനാശേരിയിലും വൈക്കത്തും ഗാന്ധിനഗറിലും ക്വട്ടേഷൻ ആക്രമണം നടത്തിയ കേസിലാണ് അയ്മനം മാങ്കീഴിപ്പടി വീട്ടിൽ വിനീത് സഞ്ജയനെ (33) ചങ്ങനാശേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കൂട്ടാളികളായ പത്തുപേരും പിടിയിലായി. വിനീതിനെതിരെ കാപ്പ ചുമത്താൻ കളക്ടർക്ക് ജില്ലാ പൊലീസ് മേധാവി നേരത്തെതന്നെ റിപ്പോർട്ട് നൽകിയിരുന്നു. കൂടാത അമ്മഞ്ചേരി സിബിക്ക് (33) എതിരെയും കാപ്പക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ സ്വന്തം കാറിടിപ്പിച്ച കേസിലാണ് അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ താമസിക്കുന്ന സിബി.ജി.ജോണിനെ പൊലീസ് പിടികൂടിയത്. ഗുണ്ട അരുൺ ഗോപൻ അടക്കമുള്ളവരെ ഇനി പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണ്. ആന്ധ്രയിൽ നിന്ന് 60 കിലോ കഞ്ചാവ് കടത്തിയ കേസിൽ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബ് (അലോട്ടി -27) ജയിലിൽ കിടക്കുമ്പോഴാണ് കാപ്പ ചുമത്തിയത്. പാലാ സബ് ജയിലിലായിരുന്ന അലോട്ടിയെ ഇതോടെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു മാറ്റി.