
കോട്ടയം: തെള്ളകം മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് പേരൂർ തച്ചനാട്ടിൽ ജി.എസ്.ലക്ഷ്മിയെന്ന ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക മരിച്ചത് ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചമൂലമെന്ന് സർക്കാരിന്റെ മെറ്റേണൽ ഡെത്ത് ഓഡിറ്റ് റിപ്പോർട്ട്. ലക്ഷ്മിക്ക് മികച്ച ശുശ്രൂഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങളുണ്ടായില്ല. ബ്ളഡ് ബാങ്ക് ഉൾപ്പെടെയുള്ള ഒരുസൗകര്യവും ആശുപത്രിയിലില്ലെന്നും വിദഗ്ദ്ധ ഡോക്ടർമാരുടെ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് കേരളകൗമുദിക്ക് ലഭിച്ചു. അതേസമയം ലക്ഷ്മിയുടെ മരണം സംബന്ധിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഏപ്രിൽ 24 നാണ് ലക്ഷ്മി പ്രസവത്തെ തുടർന്ന് മരിച്ചത്. മരണകാരണം ചികിത്സാപ്പിഴവാണെന്ന ബന്ധുക്കളുടെ പരാതിയെ സാധൂകരിക്കുന്നതാണ് കോട്ടയം മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ.ആർ.പി.രഞ്ജിൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ലിസിയമ്മ ജോർജ്, ജില്ലാ ആർ.സി.എച്ച് മെഡിക്കൽ ഓഫീസർ ഡോ.സി.ജെ. സിത്താര എന്നിവരടങ്ങുന്ന സമിതിയുടെ റിപ്പോർട്ട്. പ്രസവ ശേഷം രക്ത സ്രാവമുണ്ടാകുമെന്ന് ഉറപ്പായിട്ടും ലേബർ റൂമിൽ രക്തമോ, പ്ളാസ്മയോ കരുതുകയോ നൽകുകയോ ചെയ്തില്ല. ഗർഭപാത്രം ചുരുക്കാനുള്ള നടപടി മാത്രമാണ് സ്വീകരിച്ചത്. വൈകിട്ട് 4.29ന് പ്രസവം നടന്നപ്പോൾ ലക്ഷ്മിയുടെ അവസ്ഥ ഗുരുതരമായിരുന്നെങ്കിലും മെച്ചപ്പെട്ട ചികിത്സയ്ക്കുള്ള സാദ്ധ്യതകൾ പരിശോധിക്കാതെ 4.31ന് ഡോക്ടർ ആശുപത്രി വിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മറ്റ് കണ്ടെത്തലുകൾ
വൈകിട്ട് 4.29 മുതൽ 6.13വരെ മെച്ചപ്പെട്ട ചികിത്സ നൽകിയില്ല. 5.40നെങ്കിലും രക്തമോ, പ്ളാസ്മയോ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു
സ്ഥിതി ഗുരുതരമെന്ന് ബോദ്ധ്യപ്പെട്ടിട്ടും മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരാശുപത്രിയുടെ സേവനം തേടിയില്ല
മിറ്റേരയുടെ സമീപത്തെ ആശുപത്രിയിൽ റേഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമായിട്ടും ശ്രമിച്ചില്ല
ലേബർ റൂമിൽ നിന്ന് ഓപ്പറേഷൻ തിയേറ്ററിലേയ്ക്ക് മാറ്റാനും കാലതാമസമെടുത്തു. ഓപ്പറേഷൻ തിയേറ്ററിൽ കയറ്റും മുൻപേ രക്തം നൽകിയില്ല
അനസ്തേഷ്യ നോട്ട് നിയമപ്രകാരമല്ല തയ്യാറാക്കിയത്. ഓപ്പറേഷൻ തിയേറ്ററിൽ എന്ത് നടന്നെന്ന് അനസ്ത്യേഷ്യ നോട്ടിൽ വ്യക്തമല്ല
'' ചികിത്സാപ്പിഴവുണ്ടായെന്ന ഞങ്ങളുടെ പരാതി ശരിവയ്ക്കുന്നതാണ് ഓഡിറ്റ് റിപ്പോർട്ട്.
ക്രൈംബ്രാഞ്ചിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. മിറ്റേരയിൽ ഇതുവരെയുണ്ടായ മരണങ്ങൾ മാനേജ്മെന്റിന്റെ സ്വാധീനം ഉപയോഗിച്ച് മൂടിവയ്ക്കുകയായിരുന്നു''
- അഡ്വ. ടി.എൻ.രാജേഷ്, ലക്ഷ്മിയുടെ ഭർത്താവ്
'' ലക്ഷ്മിയുടെ മരണം സംബന്ധിച്ച ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊഴിയെടുപ്പും മറ്റും പുരോഗമിക്കുകയാണ്''
- ഗിരീഷ് പി.സാരഥി, ഡിവൈ.എസ്.പി, ജില്ലാ ക്രൈം ബ്രാഞ്ച്