udf

കോട്ടയം: യു.ഡി.എഫ് വോട്ടു വാങ്ങി ജയിച്ച തോമസ് ചാഴികാടൻ എം.പി.സ്ഥാനവും ഡോ.എൻ.ജയരാജ് എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കേരള കോൺഗ്രസിന്റെ (എം) സഹായത്തോടെ ജയിച്ച ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ആദ്യം രാജിവച്ച് മാതൃക കാണിക്കണമെന്നാണ് ജോസ് വിഭാഗം തിരിച്ച് ആവശ്യപ്പെടുന്നത്.

ചാഴികാടനും ജയരാജിനും ധാർമികത ഇല്ലേ?

കോട്ടയം: ഞങ്ങൾ ഇപ്പോഴും യു.ഡി.എഫിൽ തന്നെയാണെന്നും പിന്നെയെന്തിന് രാജിവയ്ക്കണമെന്നും കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരാഞ്ഞു. തോമസ് ചാഴികാടൻ കോൺഗ്രസ്​ പ്രവർത്തകരുടെ ശ്രമഫലമായാണ്​ കോട്ടയം ലോക്​സഭ മണ്ഡലത്തിൽ വിജയിച്ചത്​​. ചാഴികാടനും ജയരാജും യു.ഡി.എഫ് വോട്ട് വാങ്ങി ജയിച്ചശേഷം ഇടതു പാളയത്തിലേക്ക് പോയി. ധാർമ്മികതയുടെ പേരിൽ ജോസ് രാജ്യസഭാ സ്ഥാനം രാജിവെച്ചു. ചാഴികാടനും ജയരാജിനും ഇതേ ധാർമികത ഇല്ലേ? അവർ രാജിവയ്ക്കാത്തത് അധാർമ്മികതയാണ്. അതു കൊണ്ടാണ് ഇരുവരുടെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരം നടത്തുന്നത്.

ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും മാതൃക കാണിക്കണം

കോട്ടയം: കേരളാ കോൺഗ്രസ് (എം) വോട്ട് കൂടി വാങ്ങി വിജയിച്ച പുതുപ്പള്ളി എം.എൽ.എ ഉമ്മൻചാണ്ടിയും കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനും ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും രാജിവെച്ച് മാതൃക കാട്ടണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ആവശ്യപ്പെട്ടു. യു.ഡി.എഫ് ജനപ്രതിനിധികൾ രാജിവച്ച് മാതൃക കാട്ടിയാൽ തങ്ങളുടെ പ്രതിനിധികളും രാജിവയ്ക്കും. യു.ഡി.എഫിൽ നിന്നും പുറത്തുപോയതല്ല. ഞങ്ങളെ പുറത്താക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ വിചാരണ നടത്തും

കോട്ടയം: യു.ഡി.എഫ്. വോട്ടു നേടി വിജയിച്ച ശേഷം എൽ.ഡി.എഫിലേയ്ക്ക് കൂറുമാറിയ തോമസ് ചാഴികാടൻ എം.പി , എൻ.ജയരാജ് എം.എൽ.എ എന്നിവർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 5000 കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ 11 മണിയ്ക്ക് ജനകീയ വിചാരണ സമരം നടത്തുമെന്ന് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കൻ , അഡ്വ.ടോമി കല്ലാനി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു ഓരോ വാർഡിലും അഞ്ചു വീതം കേന്ദ്രങ്ങളിലാണ് സമരം. ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗാന്ധിസ്ക്വയറിൽ നടത്തും.