
കോട്ടയം: കോട്ടയം നഗരസഭാ പരിധിയിൽ കൂണുപോലെ മുളച്ചുപൊന്തി മീൻകടകൾ. കൊവിഡ് കാലത്ത് മാത്രം പതിനഞ്ചു മീൻകടകളാണ് നഗരത്തിൽ ആരംഭിച്ചിരിക്കുന്നത്. എല്ലാം റോഡ് കൈയേറിയാണ് സ്ഥാപിച്ചിരിക്കുന്നതും. താഴത്തങ്ങാടിയിലും ഇല്ലിക്കലിലും രണ്ടു മീൻകടകൾ വീതമുണ്ട്. മണിപ്പുഴ ജംഗ്ഷനിലും രണ്ടു കടകൾ കൂടി ആരംഭിച്ചു. എം.സി റോഡിൽ സിമൻ്റ് കവലയിലും ചവിട്ടുവരിയിലുമാണ് റോഡ് കൈയേറി മീൻകടകൾ പ്രവർത്തിക്കുന്നത്. സംക്രാന്തിയിലാകട്ടെ, റോഡരുകിൽ തറകെട്ടി അതിനു മേൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് കട സ്ഥാപിച്ചിരിക്കുന്നത്.
വൻ തിരക്ക്
ഇത്തരം മീൻകടകളിൽ വൻ തിരക്കാണ് . 144 പ്രഖ്യാപിച്ചിട്ടും തിരക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല. പലപ്പോഴും അഞ്ചും പത്തും പേർ കൂടി നിൽക്കുന്നതു പതിവാണ്. പൊലീസ് എത്തി നിർദേശം നൽകിയാലും ആരും പാലിക്കാറില്ല. വ്യവസ്ഥാപിതമായ മാർഗത്തിൽ പ്രവർത്തിക്കുന്ന കടകളിൽ കർശന നിയന്ത്രണങ്ങളും പരിശോധനകളും നടക്കുമ്പോഴാണിത്. നിലവിൽ വീടുകളിൽ മീനുമായി എത്താൻ അനുവാദമില്ല. അതുകൊണ്ടു തന്നെ നിരവധി ആളുകളാണ് ജോലിയില്ലാതെ വിഷമിക്കുന്നത്. ഇതിനിടെയാണ് ഇത്തരം മീൻകച്ചവടം .
ഗുണനിലവാരം ഉറപ്പില്ല
റോഡരികിൽ വിൽക്കുന്ന മീനിന്റെ ഗുണനിലവാരം മാത്രമല്ല, എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്നു പോലും അറിയാൻ മാർഗമില്ല. ആലപ്പുഴ മീൻ എന്നും മറ്റും ബോർഡ് വച്ചാണ് പല സ്ഥലത്തും വിൽക്കുന്നത്. നേരത്തെ കൊവിഡ് സമയത്ത് തമിഴ്‌നാട്ടിൽ നിന്നും മറ്റും എത്തിയ അമോണിയ ചേർത്ത മീൻ ജില്ലയിൽ പിടിച്ചെടുത്തിരുന്നു. ഇപ്പോൾ കാര്യമായ പരിശോധന ഒരിടത്തുമില്ല. ഈ സാഹചര്യത്തിൽ ഇത്തരം മീൻ വാങ്ങുന്നവർ അതീവ ജാഗ്രത പാലിക്കുക മാത്രമേ മാർഗമുള്ളൂ.