
കോട്ടയം:കെ.എം.മാണി ധനകാര്യമന്ത്രിയായിരിക്കെ നടന്ന ബാർ കോഴക്കേസ് പിൻവലിക്കാൻ ജോസ് കെ.മാണി തനിക്ക് പത്തു കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ ജോസ് കെ. മാണി തള്ളി. കെ.എം. മാണിക്കെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനമാണിതെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് എന്റെ പിതാവിനെ വേട്ടയാടിയവർ, ഇപ്പോൾ എന്നെ ലക്ഷ്യം വയ്ക്കുന്നു. ഇതുവരെ ഉന്നയിക്കാത്ത ആരോപണവുമായി ബിജുരമേശ് രംഗത്തെത്തിയതിന്റെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാനാവും- ജോസ് കെ. മാണി പറഞ്ഞു. ബാർ കോഴയുമായി ബന്ധപ്പെട്ട് മാണിക്കെതിരെ ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിൽ ബിജു രമേശിനും
പങ്കുള്ളതായി കഴിഞ്ഞദിവസം പുറത്തായ സ്വകാര്യ ഏജൻസിയുടെ അന്വേഷണ റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.
പി.ജെ.ജോസഫ്
ബിജു രമേശ് ഉന്നയിച്ച ആരോപണത്തിന്റെ തെളിവുകൾ പുറത്തു വിടട്ടെയെന്ന് കേരള കോൺഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ല. ജോസ് കെ. മാണിയാണ് വ്യക്തത വരുത്തേണ്ടത്. സത്യം എന്താണെന്ന്
തനിക്കറിയില്ല. റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നതിൽ ഏറെ ദുരൂഹതയുണ്ടെന്നും ജോസഫ് പറഞ്ഞു.
ജോസഫ് വാഴക്കൻ
ബാർ കോഴയിൽ ഗൂഢാലോചന നടന്നെങ്കിൽ ആര് നടത്തിയെന്ന് ജോസ് കെ. മാണി വ്യക്തമാക്കണമെന്ന്, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ പറഞ്ഞു.
ജോസിന്റെ സുഹൃത്തായ ഹോട്ടൽ ഉടമയുടെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് മൂന്നു വർഷം മുമ്പ് തയ്യാറാക്കിയതാണ് റിപ്പോർട്ട്. കോൺഗ്രസിലെ ഏതെങ്കിലും നേതാവ് ഗൂഢാലോചന നടത്തിയെന്ന് തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാമെന്നും വാഴക്കൻ പറഞ്ഞു.