കട്ടപ്പന: കട്ടപ്പനയിൽ കൊവിഡ് ബാധിതർ വർദ്ധിച്ചതോടെ വീണ്ടും ആശങ്കയുയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 200ലേക്ക് എത്തുകയാണ്. ഇന്നലെ ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത് ഏഴുപേർക്കാണ്. കഴിഞ്ഞ എട്ടുദിവസത്തിനിടെ 80ൽപ്പരം പേർക്ക് രോഗം പിടിപെട്ടു. ഇവരിൽ ഭൂരിഭാഗവും സമ്പർക്ക രോഗികളാണ്. കഴിഞ്ഞ 11ന് ജില്ലയിൽ 123 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ കട്ടപ്പനയിൽ രണ്ടുപേർ മാത്രമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ രോഗികൾ വർദ്ധിച്ചു. 14 മുതലുള്ള ആന്റിജൻ, ആർ.ടി.പി.സി.ആർ. പരിശോധനകളിൽ പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചത് ആരോഗ്യവകുപ്പിനെയും ആശങ്കയിലാഴ്ത്തി. മതിയായ രേഖകളില്ലാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നു തൊഴിലാളികളെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെയും മൂന്നു ബസുകളിൽ തൊഴിലാളികളെ കട്ടപ്പനയിലെത്തിച്ചു.