പാലാ: മഹാഗണി മരക്കൊമ്പിൽ കൂറ്റൻ കൂടു കൂട്ടിയ മലങ്കുളവിയിൽ നിന്ന് നാട്ടുകാരുടെ ജീവൻ രക്ഷിക്കാൻ റെജിയെത്തി. കുളവിയുടെ കുത്തേറ്റിട്ടും ഏണിയിലെ പിടിവിടാതെ റെജിയെ രക്ഷിച്ച മുതൂറ്റ് സുധീഷ് സോമൻ നാട്ടിലെ താരവുമായി . മേലാസകലം കുത്തേറ്റ സുധീഷിനെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെജി ഉൾപ്പെടെ മറ്റ് മൂന്നു പേർക്കു കൂടി കുളവിയുടെ കുത്തേറ്റു. ഞായറാഴ്ച സന്ധ്യയോടെ ഏഴച്ചേരിയിലായിരുന്നു സംഭവം.
ഏഴച്ചേരി ബാങ്ക് ജംഗ്ഷനു സമീപം വാണിയിടത്ത് സുരേഷിന്റെ പുരയിടത്തിലെ മഹാഗണി മരത്തിന്റെ 25 അടി ഉയരമുള്ള ശിഖരത്തിന്റെ തുഞ്ചത്ത് ഒരു മാസം മുമ്പാണ് മലങ്കുളവി കൂടുകൂട്ടിയത്. പള്ളത്തുമലയിലേക്കുള്ള റോഡിനു സമീപം നിന്ന മരത്തിലായിരുന്നു കൂട്. ഇതിനു സമീപം അടുത്തടുത്ത് നിരവധി വീടുകളുമുണ്ട്.
രണ്ടടിയോളം കൂട് വലുതാവുകയും ശിഖരം ചായുകയും കുളവികൾ കൂട്ടത്തോടെ പുറത്തിറങ്ങുകയും ചെയ്തതോടെ പരിസരവാസികളും ഇതുവഴിയുള്ള യാത്രക്കാരും ആശങ്കയിലായി. ഫയർഫോഴ്‌സ് ഉൾപ്പെടെ കൈമലർത്തിയതോടെ നാട്ടുകാർ ആശങ്കയിലായി. ഇത്തരം കൂടുകൾ എടുക്കുന്നതിൽ വിദഗ്ദ്ധനായ തീക്കോയി പൈക്കാട്ടിൽ റെജി ഏഴച്ചേരിയിലെത്തി. മരത്തിനു ചുവട്ടിലും തോട്ടിയിലുമായി പച്ചമരുന്നിട്ട് പുകച്ച ശേഷം ഏണിയിലൂടെ റെജി മരത്തിൽ കയറി. മലങ്കുളവി കൂടുണ്ടായിരുന്ന ശിഖരം റെജി മുറിച്ചെങ്കിലും അസാമാന്യ വലിപ്പമുണ്ടായിരുന്ന കൂട്ടിന്റെ ഭാരം 'കാരണം ശിഖരം റെജിയുടെ കൈയിൽ നിന്ന് പെട്ടെന്ന് തഴേയ്ക്ക് വീണു. കുളവിക്കൂട് പൊട്ടിച്ചിതറി. റെജി മരത്തിൽ കയറാനുപയോഗിച്ച ഏണി നിലത്തു നിന്ന് പിടിച്ചിരുന്നത് 30കാരനായ സുധീഷ് സോമനായിരുന്നു. തുരുതുരാ കുളവിയുടെ കുത്തേറ്റെങ്കിലും സുധീഷ് ഏണിയിലെ പിടിവിട്ടില്ല.
റെജി സുരക്ഷിതമായി താഴെ ഇറങ്ങിയ ശേഷമാണ് സുധീഷ് സ്ഥലത്തു നിന്നു മാറിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുധീഷിനെ ഉടൻ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുത്തേറ്റ പുന്നത്താനം അഭിജിത്തിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകി വിട്ടയച്ചു.