
തൊടുപുഴ: സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം നേരിടുന്ന പോപ്പുലർ ഫിനാൻസിന്റെ ഇടുക്കിയിലെ മൂന്ന് ബ്രാഞ്ചുകളിൽ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യു വിഭാഗംപരിശോധന നടത്തി. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കണ്ടുകെട്ടി ട്രഷറിയിലേക്ക് മാറ്റി. നിക്ഷേപകർക്ക് സംരക്ഷണം ഒരുക്കുന്നതിനായുള്ള ജപ്തിനടപടികളുടെ ഭാഗമായാണിത്. തൊടുപുഴ, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലെ ഓഫീസുകളിലായിരുന്നു പരിശോധന. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തെ പ്രധാന ഓഫീസിൽ ഇടുക്കി ആർ.ഡി.ഒ അതുൽ എസ്. നാഥ് പരിശോധനയ്ക്ക് നേതൃത്വം നൽകി. സ്വർണ ഉരുപ്പടികളും പണവും തിട്ടപ്പെടുത്തി. ഓഫീസ് രജിസ്റ്ററുകൾ ഉൾപ്പെടെ പരിശോധിച്ചു. പരിശോധന സംബന്ധിച്ച് റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുമെന്ന് ആർ.ഡി.ഒ അറിയിച്ചു. തൊടുപുഴ തഹസിൽദാർ കെ.എം. ജോസുകുട്ടി, ഹെഡ് ക്വാർട്ടേഴ്‌സ് ഡപ്യൂട്ടി തഹസിൽദാർ ഒ.എസ് ജയകുമാർ, തൊടുപുഴ വില്ലേജ് ഓഫീസർ ഹോർമിസ് കുരുവിള, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ജി. സുനീഷ്, പൊലീസ് ഉദ്യേഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.