തലയോലപ്പറമ്പ്: ഇട മുറിക്കാതെ മരം വെട്ടിയിട്ടതിനെ തുടർന്ന് 220 കെ.വി വൈദ്യുതി ലൈൻ പൊട്ടിവീണ് അപകടം. സംഭവത്തെ തുടർന്ന് വീടിന്റെ മീറ്റർ ഉൾപ്പെടെ വയറിങ്ങും ഇലക്ട്രിക്കൽ ഉപകരണങ്ങൾ തകർന്നു. തീയും പുകയും വീടിനുള്ളിലേക്ക് കയറിയതിനെ തുടർന്ന് വീട്ടമ്മയ്ക്ക് ബോധക്ഷയമുണ്ടായി.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3ന് പെരുവ കാപ്പിക്കര ഭാഗത്താണ് അപകടം. ഊന്നുകല്ലിങ്കൽ കൃഷണൻകുട്ടിയുടെ ഭാര്യ ലീല (52) നാണ് ബോധക്ഷയം ഉണ്ടായത്. തീയും പുകയും വീടിനുള്ളിലേക്ക് കയറിയതിനെ തുടർന്ന് വീടിനുള്ളിൽ ഇരിക്കകയായിരുന്ന ലീലയ്ക്ക് ബോധക്ഷയം ഉണ്ടായി മറിഞ്ഞ് വീണ് പരിക്കേൽക്കുകയായിരുന്നു.. അമിതവൈദ്യുതി പ്രവഹിച്ചതിനെ തുടർന്ന് കരിയാപ്പേൽ ചന്ദ്രന്റെ വീടിന്റെ മീറ്ററും, ജനലുമാണ് തകർന്നത്. മുറിക്കുള്ളിൽ ഉണ്ടായിരുന്ന ടി.വി, ഫ്രിഡ്ജ് എന്നിവ പൂർണ്ണമായി കത്തി നശിച്ചു.വീടിന്റെ കോൺക്രീറ്റ് അടർന്ന് വീണു. മാവേലിൽ പുത്തൻപുരയിൽ ശശിയുടെ വീട്ടിലെ ഫ്രിഡ്ജും, ഫാനും കത്തിനശിച്ചു.പുരയിടത്തിൽ നിന്നിരുന്ന വാഴകളും അഗ്നിക്കിരയായി. അമിത വൈദ്യുതി പ്രവഹിക്കുന്ന 220 കെ.വി.ലൈന് സമീപം നിന്ന പാഴ്മരം വെട്ടിയപ്പോൾ ലൈനിലേക്ക് വീഴുകയായിരുന്നു. കോട്ടയം പൂവൻതുരുത്തിൽ നിന്നും കളമശ്ശേരിയിലേക്ക് പോകുന്ന വൈദ്യുതി ലൈനാണിത്. രണ്ട് മാസം മുൻപ് കെട്ടാനിക്കൽ കോളനിക്ക് സമീപം ഇതേ ലൈൻ പൊട്ടി വീണിരുന്നു.