
കോട്ടയം: ടൂറിസ്റ്റ് കേന്ദ്രമായ പാഞ്ചാലിമേടിൽ കോടമഞ്ഞ് നിറഞ്ഞു. പക്ഷേ, ആസ്വദിക്കാൻ ആളില്ല. സഞ്ചാരികൾ ഒഴുകിയെത്തേണ്ട ഈ സമയത്ത് ഇപ്പോൾ എത്തുന്നത് 50ൽ താഴെ സന്ദർശകർ മാത്രം. പ്രതിദിനം 5,000 പേരാണ് ഇവിടെ എത്തിയിരുന്നത്. വിനോദ സഞ്ചാരത്തിന് വിലക്ക് പിൻവലിച്ചെങ്കിലും ആളുകൾ എത്തുന്നതിന് നിശ്ചിത എണ്ണം നിശ്ചയിച്ചിട്ടുണ്ട്. ഒരേ സമയം 50 പേർക്ക് മാത്രമേ സന്ദർശനത്തിന് അനുമതി നൽകുന്നുള്ളൂ. ഇതാണ് ആളുകൾ പാഞ്ചാലിമേട്ടിനെ തഴയാൻ കാരണം. ഇവിടെ ഏറെയും കൂട്ടമായെത്തുന്ന സന്ദർശകരാണ്.
ബൈക്ക് യാത്രികരും കയ്യൊഴിഞ്ഞു
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാഞ്ചാലിമേട്ടിൽ നിന്നും സന്ദർശകർ ഒഴിയാത്ത സമയമുണ്ടായിരുന്നു. കോടമഞ്ഞുമൂടിയ മലനിരകളാണ് ഇവിടെത്തെ ഹൃദ്യമായ അനുഭവം. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും യുവാക്കൾ കൂട്ടമായി ബൈക്കുകളിൽ മലകയറിയിരുന്ന പാഞ്ചാലിമേട്ടിൽ ഇപ്പോൾ ഒരൊറ്റ ബൈക്കു യാത്രികർ പോലും എത്തുന്നില്ല.
പഞ്ചപാണ്ഡവന്മാർ വനവാസക്കാലത്ത് ഇവിടെ താമസിച്ചിരുന്നതായാണ് ഐതിഹ്യം. ഇവിടുത്തെ പാഞ്ചാലിക്കുളവും ആകർഷകമാണ്. വേനൽക്കാലത്ത് ആലപ്പുഴ കടൽ ഇവിടെനിന്നാൽ കാണാമെന്ന പ്രത്യേകതയുമുണ്ട്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള മലമുകളിലെ ശ്രീ ഭൂവനേശ്വര ക്ഷേത്രം കൂടാതെ കുരിശുമലയും ഇവിടെയുണ്ട്.
വരുമാനം നിലച്ചു
കൊവിഡ് വ്യാപനത്തെ തുടർന്ന് ആറു മാസം മുമ്പാണ് പാഞ്ചാലിമേടിൽ വിലക്ക് ഏർപ്പെടുത്തിയത്. ഇതിനുമുമ്പ് പ്രതിദിനം അയ്യായിരം പേരാണ് ഇവിടെ എത്തിയിരുന്നത്. പാഞ്ചാലിമേടിന്റെ പ്രാധാന്യവും സന്ദർശകരുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടതൽ വരുമാനം ലക്ഷ്യമാക്കി മൂന്നു കോടിയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും പെരുവന്താനം ഗ്രാമപഞ്ചായത്തും ചേർന്ന് അടുത്തയിടെ നടപ്പാക്കിയിരുന്നു. ടോയ്ലെറ്റ് കോംപ്ലക്സ്, കോഫി ഷോപ്പ്, വിശ്രമത്തിനുള്ള കൽമണ്ഡപങ്ങൾ, ഇരിപ്പിടങ്ങൾ, നടപ്പാത എന്നിവയാണ് നിർമ്മിച്ചത്. പദ്ധതി നടപ്പാക്കി ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിയുംമുമ്പേ കൊവിഡ് വ്യാപകമായി. ഇതോടെ പാഞ്ചാലിമേട് ടൂറിസ്റ്റ് സെന്റർ അടച്ചു. ഒരു രൂപപോലും വരുമാനമില്ലാതെയായി.
മൂന്നാംഘട്ടം ഉടൻ
പാഞ്ചാലിമേടിന്റെ മൂന്നാംഘട്ട വികസനം ഉടൻ നടക്കുമെന്ന് അധികൃതർ പറയുന്നു. പാഞ്ചാലിക്കുളം തടാകമാക്കി പെഡൽ ബോട്ടുകൾ ഇറക്കാനും തടാകത്തിന് മുകളിൽ തൂക്കുപാലം നിർമ്മിക്കാനുമാണ് പദ്ധതി. ഇത് ടൂറിസ്റ്റുകൾക്ക് പുതിയ അനുഭവം സൃഷ്ടിക്കുമെന്നാണ് ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ വിലയിരുത്തൽ. കൂടാതെ കുട്ടികൾക്ക് പാർക്കും നിർമ്മിക്കും.
മൂന്നുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കെയാണ് കൊവിഡ് വില്ലനായത്. ഇതോടെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ കാലതാമസമുണ്ടായി. എങ്കിലും ഉടൻ തന്നെ മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും
പി.എസ് ഗിരീഷ്
ഡി.ടി.പി.സി സെക്രട്ടറി