
കോട്ടയം: വേദികളുണർന്നാലും പുതിയ നാടകങ്ങളില്ല. സീസൺ തുടങ്ങാൻ ഒരു മാസം ശേഷിക്കുമ്പോൾ അണിയറയിൽ ഇപ്പോഴും കൊവിഡെന്ന വില്ലന്റെ പകർന്നാട്ടമാണ്. പുതിയ നാടകങ്ങൾ ഒരുക്കാനുള്ള സമയം കൊവിഡ് കവർന്നു.
ഡിസംബർ മുതൽ മേയ് വരെ ആറുമാസം നാടകം കളിച്ചു കിട്ടുന്ന തുക കൊണ്ടാണ് ഒരു വർഷം അഭിനേതാക്കളും അണിയറ പ്രവർത്തകരും ജീവിക്കുന്നത് . അതിനായി നാടകരചന, രംഗപടം, റിഹേഴ്സൽ തുടങ്ങി സംവിധാനം വരെ എല്ലാ പ്രവർത്തനങ്ങളും സെപ്തംബറോടെ സജ്ജമായിരിക്കും. കഴിഞ്ഞ സീസണിലേയ്ക്കുള്ള നാടകങ്ങൾ 2019ൽ റെഡിയാക്കിയിരുന്നെങ്കിലും ഫെബ്രുവരി വരെയെ അവതരിപ്പിക്കാൻ കഴിഞ്ഞുള്ളൂ. 2019ലെ സംഗീത നാടക അക്കാഡമിയുടെ അവാർഡിനായുള്ള മത്സരങ്ങൾ കഴിഞ്ഞ മേയിൽ നടത്തേണ്ടതായിരുന്നു. അതും നടന്നില്ല. കൊവിഡ് വന്നതോടെ കൂട്ടത്തോടെ ബുക്കിംഗുകൾ കാൻസലായി . 12 ലക്ഷം വരെ മുടക്കിയാണ് ഒരു നാടകത്തിന്റെ പിറവി. ചെലവും ലാഭവും അടുത്ത നാടകത്തിനുള്ള മൂലധനവും സീസണിലാണ് കണ്ടെത്തുന്നത്.
ജീവിത നാടകത്തിൽ
ഇപ്പോൾ പല നാടക പ്രവർത്തകരും കൂലിപ്പണിക്കും മീൻകച്ചവടത്തിനു വരെ പോകുന്നുണ്ട്. കെ.പി.എ.സി പോലുള്ള സമിതികളിൽ മാസ്ക് നിർമാണമാണ് കലാകാരൻമാർക്ക് ജോലി. ജീവിത നാടകത്തിൽ അറിയാത്ത ജോലികൾ പലതിനും വേഷം കെട്ടുന്ന കലാകാരൻമാർ അനവധിയുണ്ട്.
'' ജീവിതത്തിൽ ആദ്യമായാണ് ഇതുപോലെ വെറുതേയിരിക്കുന്നത്. ദിവസവും 20മണിക്കൂർവരെ ചെലവഴിച്ചാണ് രംഗപടമൊരുക്കിയിരുന്നത്. ഓണസമയത്ത് പലപ്പോഴും ക്യാമ്പുകളിലായിരിക്കും. എല്ലാം ഇപ്പോൾ ഓർമകൾ മാത്രമാണ്. അടുത്ത സീസണിലേയ്ക്ക് ഒറ്റനാടകം പോലും ഒരുങ്ങിയിട്ടില്ല''
-ആർട്ടിസ്റ്റ് സുജാതൻ, നാടക രംഗപടം കലാകാരൻ
'' കഴിഞ്ഞ സീസണിൽ മുടക്കുമുതലിന്റെ പാതി പോലും കിട്ടിയിട്ടില്ല. ആദ്യമായാണ് റിഹേഴ്സലും സംവിധാനവുമില്ലാതൊരു കാലം കടന്നുപോകുന്നത്. നാടകം അവതരിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്. പക്ഷേ കൊവിഡിന്റെ പശ്ചാത്തലത്തിൽ എങ്ങനെയാകുമെന്നറിയില്ല''
പ്രദീപ് മാളവിക, വൈസ് പ്രസിഡന്റ്
കേരള ഡ്രാമ വർക്കേഴ്‌സ് വെൽഫയർ അസോ.