fish

കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ജില്ലയിൽ വിൽപ്പനയ്ക്കെത്തിച്ച മീനുകളിൽ രാസവസ്‌തുക്കൾ ചേർത്തിട്ടില്ലെന്ന് പരിശോധനാ ഫലം. വൈക്കത്തു നിന്നും ചങ്ങനാശേരിയിൽ നിന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അയച്ച സാമ്പിളുകൾക്കാണ് ക്ളീൻ സർട്ടിഫിക്കറ്റ് . അക്കാലത്തെ പരിശോധനയ്ക്കിടെ ജില്ലയിൽ നാലു ടണ്ണിലേറെ മീൻ പിടികൂടി നശിപ്പിച്ചിരുന്നു.

കൊവിഡ് കാലത്ത് മീൻ പിടിത്തം ഇല്ലാതായതോടെ തമിഴ്‌നാട്ടിൽ നിന്നടക്കം വൻ തോതിൽ പഴകിയതും രാസവസ്‌തുക്കൾ ചേർത്തതുമായ മീൻ എത്തിയിരുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് പരിശോധന നടത്തിയത്. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ നഗരസഭാ പരിധിയിൽ നിന്നും വൻ തോതിൽ പഴകിയതെന്നു കരുതുന്ന മീനുകൾ പിടിച്ചെടുത്തിരുന്നു. ഇക്കൂട്ടത്തിൽ അമോണിയ ചേർ‌ത്തതെന്നു സംശയം തോന്നിയവയുടെ സാമ്പിളുകളാണ് തിരുവനന്തപുരത്തെ ലാബിൽ അയച്ചത്.

തമിഴ്‌നാട്ടിൽ നിന്നും പഴകിയ മീനുകൾ എത്തിച്ചെന്നാരോപിച്ച് ജില്ലയിലെ 13 സ്ഥാപനങ്ങൾക്കെതിരെ അന്ന് കേസെടുക്കുകയും ചെയ്തു. ഏറ്റുമാനൂർ മാർക്കറ്റിൽ മാത്രം മൂന്നു കേസുകളെടുത്തു. ഇവിടെ നിന്ന് ഒരു ടണ്ണും പാലാ,ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്ന് ഒന്നര ടണ്ണും മീൻ പിടിച്ചെടുത്തിരുന്നു.

നശിപ്പിച്ചു

കളഞ്ഞ മീൻ:

4 ടൺ

പരിശോധന കുറയ്‌ക്കില്ല

പഴകിയതും മായം കലർന്നതുമായ മീൻ എത്തുന്നുണ്ടോയെന്ന് അറിയാൻ ജില്ലയിൽ പരിശോധന ശക്‌തമാക്കും. ഇതിനായി കൂടുതൽ പരിശോധനാ കിറ്റുകൾ എത്തിക്കും.

ഉണ്ണികൃഷ്‌ണൻ, ജില്ലാ ഓഫിസർ,

ഭക്ഷ്യസുരക്ഷാ വിഭാഗം