
കോട്ടയം: ബ്രഷും ചായക്കൂട്ടുകളുമൊന്നും വേണ്ട നീനുവെന്ന എൻജിനിയറിംഗ് ബിരുദധാരിക്ക് ചിത്രങ്ങളൊരുക്കാൻ. ഒരു ശില്പി മരത്തിൽ കൊത്തിയെടുക്കുന്നതുപോല ശില്പങ്ങൾ കടലാസിൽ വെട്ടിയെടുക്കുകയാണ് നീനു.
കോട്ടയം സ്വദേശിനി നീനു ആൻ കുര്യൻ മുൻപ് പേപ്പർ കൊണ്ട് വിവിധ തരം അലങ്കാരവസ്തുക്കളും മറ്റും നിർമ്മിക്കാറുണ്ടായിരുന്നെങ്കിലും പേപ്പർ കട്ടിംഗ് എന്ന വേറിട്ട വഴിയിലേയ്ക്ക് നയിച്ചത് ഇൻസ്റ്റാഗ്രാമാണ്. ഇൻസ്റ്റാഗ്രാമിൽ പേപ്പർകട്ടിംഗിലൂടെ ഫോട്ടോകളും മറ്റും ചെയ്തതു കണ്ടാണ് അതിലേയ്ക്കു തിരിഞ്ഞത്. പിന്നീട് അതൊരു ചലഞ്ചായി ഏറ്റെടുത്തു. കട്ടിയുള്ള പേപ്പറിൽ വ്യത്യസ്തങ്ങളായ രൂപങ്ങൾ നിർമ്മിച്ചു തുടങ്ങി. പൂവിലായിരുന്നു തുടക്കം. പിന്നീട് അത് ലൈറ്റ്, കർട്ടൻ, മെമന്റോ എന്നിങ്ങനെ പല പല പരീക്ഷണങ്ങളിലേക്ക് നീണ്ടു. മൊബൈൽ ഫോൺ കവർ, സൈക്കിൾ തുടങ്ങിയവയിലും പേപ്പർ കട്ട് വർക്ക് ചെയ്തു. ആളുകൾക്ക് പോർട്രേറ്റും ചെയ്തു കൊടുക്കുന്നുണ്ട്. ക്രിസ്തു, അന്ത്യ അത്താഴം, ട്രീ സീരീസുകൾ തുടങ്ങിയവയും അനവധി. കൊവിഡ് കാലത്ത് ആരോഗ്യ രംഗത്തുള്ളവർക്കായി നന്ദി സൂചകമായി വലിയ വിംഗ്‌സും നിർമ്മിച്ചു.
എൻജിനീയറിംഗിനു ശേഷം വീഡിയോ എഡിറ്റിംഗ്, ലോഗോ ഡിസൈനിംഗ് എന്നിവ ചെയ്തിരുന്നു. ഒരു വർഷമായി പേപ്പർ കട്ടിംഗിലാണ് ശ്രദ്ധ. അന്ത്യ അത്താഴമാണ് ചെയ്തവയിൽ കൂടുതൽ ഹിറ്റായത്. പേപ്പർ കട്ട് ചെയ്ത രൂപങ്ങൾ ഫ്രെയിം ചെയ്താണ് ആവശ്യക്കാർക്ക് നല്കുന്നത്. ഡബിൾ ലെയർ ഫ്രെയിമാണ് ഉപയോഗിക്കുന്നത്. ഓരോ വർക്കും പൂർത്തിയാക്കാൻ ആഴ്ചകൾ തന്നെ വേണ്ടി വരും. ഓരോ വർക്കിന്റെയും വലിപ്പവും ഡിസൈനും അനുസരിച്ചാണ് വില ഈടാക്കുന്നത്. കൗതുകത്തിനായി ചെയ്തു തുടങ്ങിയ കട്ടിംഗുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ ഇപ്പോൾ ആവശ്യക്കാരേറെയാണ്. ഡൂഡിൽ ആർട്ട്, ഒറിഗാമി, കാലിഗ്രാഫ് എന്നിവയും ചെയ്യുന്നുണ്ട്. തന്റെ വർക്കുകളുടെ എക്‌സിബിഷൻ നടത്തണമെന്നും യേശു ക്രിസ്തുവിന്റെ ജീവിത കഥ ഒരു പേപ്പർ കട്ടിംഗിൽ ആവിഷ്‌കരിക്കണമെന്നതാണ് നീനുവിന്റെ ആഗ്രഹം.
കോട്ടയം അറുത്തൂട്ടി പ്ലാക്കിയിൽ വീട്ടിൽ തോമസ് കുര്യന്റെയും ഷീലാ കുര്യന്റെയും മകളാണ്. സഹോദരി: ശോഭ.
പേപ്പർ കട്ടിംഗ് ആർട്ട്
200 ജി.എസ്. എം കട്ടിയുള്ള പേപ്പർ, കട്ടിംഗ് മാറ്റർ, കട്ടിംഗ് ബ്ലേഡ് എന്നിവയാണ് പേപ്പർ കട്ടിംഗിനായി വേണ്ടത്. ജി.എസ്. എം പേപ്പറിൽ പെൻസിൽ ഉപയോഗിച്ച് ആദ്യം രൂപരേഖ വരയ്ക്കും. പിന്നീട് വരച്ചെടുത്ത ലൈൻ പേപ്പറിൽ നിലനിർത്തിയ ശേഷം ബാക്കി ഭാഗം വെട്ടിമാറ്റുകയാണ് ചെയ്യുന്നത്. ചിത്രരചനാ പാടവത്തിനൊപ്പം നല്ല ക്ഷമയും ഈ കലാരൂപത്തിന്റെ സൃഷ്ടിയിൽ അനിവാര്യമാണ്.
'' ക്രിസ്തുവിന്റെ ജീവിത കഥ ഒരു പേപ്പർ കട്ടിംഗിൽ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ വർക്കായിരിക്കും. ക്രിസ്തുവിന്റെ ജനനം മുതൽ ഉത്ഥാനം വരെ ചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കും''
നീനു ആൻ കുര്യൻ