
വൈക്കം : തലയാഴം ഗ്രാമപഞ്ചായത്ത് വനം തെക്ക് പാടശേഖരത്തെ 285 ഏക്കർ സ്ഥലത്ത് ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കുന്നു. 140 കർഷകരാണ് ഗുണഭോക്താക്കൾ. ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യക്കൃഷിയിൽപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഫിഷറീസ് വകുപ്പ് 3,42,000 മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കട്‌ല, രോഹു, ഗ്രാസ് കാർപ്പ് എന്നീ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്. 20 ലക്ഷം രൂപയാണ് അടിസ്ഥാന സൗകര്യങ്ങൾക്കായി കർഷകർ ചെലവഴിച്ചത്. പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് കഴിയുന്നതോടെയാണ് മത്സ്യ കൃഷി നടപ്പാക്കുന്നത്. മത്സ്യകൃഷിയുടെ വിളവെടുപ്പിന് ശേഷം വിരിപ്പ് കൃഷിക്ക് വിത്ത് പാകും. എന്നീ ക്രമത്തിലാണ് കൃഷി നടപ്പാക്കുന്നത്. രണ്ട് കൃഷികൾ വഴി കർഷകർക്ക് കൂടുതൽ വരുമാന മാർഗം കണ്ടെത്തുകയാണ് ലക്ഷ്യം. ഫിഷറീസ് കോ-ഓർഡിനേറ്റർ എം. ബീനാമോൾ, പ്രൊമോട്ടർ പി. എസ്. സരിത, കർഷക സമിതി പ്രസിഡന്റ് സിബിച്ചൻ ഇടത്തിൽ, സെക്രട്ടറി പ്രകാശൻ ചതുരത്തറ, വൈസ് പ്രസിഡന്റ് കിരൺ കാട്ടുശ്ശേരി എന്നിവർ നേതൃത്വം നൽകി.