ചങ്ങനാശേരി : കൊവിഡിന്റ മറവിൽ നാട്ടിലെങ്ങും അനധികൃത മത്സ്യകച്ചവടം തകൃതി. കടലിൽ നിന്ന് പിടികൂടി മണിക്കൂറുകൾക്കകം എത്തിക്കുന്നതാണെന്ന് അവകാശപ്പെട്ടാണ് പച്ചമീൻ വ്യാപാരം നടക്കുന്നത്. എന്നാൽ ഇതിന്റെ മറവിൽ പഴകിയ മത്സ്യങ്ങളാണ് വില്പന നടത്തുന്നതെന്നാണ് ആക്ഷേപം. കൊവിഡ് തിരക്കിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധന നടക്കാത്തതും ഇക്കൂട്ടർക്ക് വളമാകുകയാണ്.
മുൻകാലങ്ങളിൽ ഏറ്റുമാനൂർ, പായിപ്പാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്ന് പുലർച്ചെ മീൻ ശേഖരിച്ച് നാട്ടിൻപുറങ്ങളിൽ എത്തിച്ച് കൊടുക്കുന്ന രീതി ആയിരുന്നു. ഇതിനായി ഇടനിലക്കാരും പ്രവർത്തിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗണിന് ശേഷം രീതി മാറി കച്ചവടക്കാർ നേരിട്ട് കടപ്പുറത്തും തീരദേശ മാർക്കറ്റുകളിലും പോയി മീൻ ലേലത്തിൽ വാങ്ങി വിൽക്കുകയാണ്. വഴിയോര മീൻകച്ചവട സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന മത്സ്യത്തിന് അല്പം വില കൂടിയാലും പച്ചമീൻ വാങ്ങാൻ ആളുകൾ ഏറെയാണ്. ഉച്ചയോടുകൂടി ആരംഭിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ വൈകുന്നേരങ്ങളിലാണ് വില്പന കൂടുതൽ. മറ്റു മാർക്കറ്റുകളിൽ നിന്ന് മീൻ എത്തിച്ച് വില്പന നടത്തുന്നവരുമുണ്ട്.
വാടക പോലും വേണ്ട
വഴിയോരത്ത് തട്ട് ഉണ്ടാക്കുന്നത് മാത്രമാണ് ഇക്കൂട്ടർക്ക് ചെലവ്. വാടക ഉൾപ്പെടെ നൽകേണ്ടതില്ല. മത്സ്യം വെട്ടി നൽകുകയും കൂടി ചെയ്താൽ ആവശ്യക്കാർ ഏറെ എത്തും. വ്യവസായ വകുപ്പിന്റെ മൂന്നുമാസം കാലാവധിയുള്ള താത്കാലിക ലൈസൻസ് ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള കച്ചവടങ്ങൾ ഏറെയും നടക്കുന്നത്. അംഗീകൃത ലൈസൻസ് ആയതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് പൂട്ടാൻ അധികാരവുമില്ല.