
കോട്ടയം: മൂന്നു വർഷം മുമ്പായിരുന്നു കുമരകം കേരളത്തിലെ ആദ്യ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്. പ്രളയവും കൊവിഡും വിനോദ സഞ്ചാരികളെ പിന്നോട്ടു വലിച്ചെങ്കിലും മൂന്നു വർഷത്തിനുള്ളിൽ ഗ്രാമീണ ടൂറിസം മേഖലയിൽ നേട്ടത്തിന്റെ നെറുകയിലെത്തി കുമരകം ലോക ഉത്തരവാദിത്വ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചു.
2017 ഒക്ടോബർ 20നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കുമരകത്ത് ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രാദേശികമായി വിനോദസഞ്ചാര പ്രവർത്തനങ്ങൾ ആരംഭിക്കുക, വളർത്തിയെടുക്കുക, ടൂറിസം വ്യവസായവുമായി പ്രാദേശിക സമൂഹത്തെ ബന്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ രൂപീകരിച്ച മിഷൻ മൂന്നു വർഷം കൊണ്ട് ഗ്രാമീണ വികസനരംഗത്ത് വലിയ മാറ്റമാണ് സൃഷ്ടിച്ചത്.
ടൂറിസം വികസനത്തിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് ഉത്തരവാദിത്വ ടൂറിസം മിഷൻ ആരംഭിച്ച പദ്ധതിയാണ് ജനകീയ പങ്കാളിത്ത ടൂറിസ വികസനവും (പെപ്പർ) മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതിയും. പെപ്പർ ഒരു താലൂക്കിലോ പഞ്ചായത്ത് പ്രദേശത്തോ നടപ്പാക്കുമ്പോൾ, മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതി ഒരു പ്രത്യേക വാർഡിലോ ദ്വീപിലോ നടപ്പാക്കുന്നു . ഇതിന്റെ ഭാഗമായി ആ പ്രദേശത്ത് വിശേഷാൽ ഗ്രാമ സഭ സംഘടിപ്പിക്കുന്നു. ടൂറിസം റിസോഴ്സ് മാപ്പിംഗ് , ടൂറിസം റിസോഴ്സ് ഡയറക്ടറിയും ടൂർ പാക്കേജുകളും തയ്യാറാക്കുന്നു. പ്രദേശവാസികൾക്കായി പരിശീലന പരിപാടികൾ , ടൂറിസം വികസന പദ്ധതികൾ എന്നിവയും നടപ്പാക്കുന്നു. ഇങ്ങനെ ടൂറിസത്തിൽ ആസൂത്രണം മുതൽ നിർവഹണം വരെ പ്രാദേശിക പങ്കാളിത്തം ഉറപ്പു വരുത്തുന്ന പദ്ധതികളാണ് പെപ്പറും മോഡൽ ആർ.ടി. വില്ലേജും .
ഗ്രാമീണ ജീവിതം വിനോദസഞ്ചാരികൾക്ക് അനുഭവവേദ്യമാകുന്ന ടൂർ പാക്കേജുകളാണ് ഉത്തരവാദിത്വ ടൂറിസം മിഷൻ നടപ്പാക്കുന്നത്. 140 എക്സ്പീരിയൻഷ്യൽ ടൂർ പാക്കേജുകളിലായി 110 കുടുംബങ്ങൾ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജില്ലയിൽ ഈ പാക്കേജുകളിൽ ആകെ 52000 വിനോദ സഞ്ചാരികൾ എത്തി. 1.8 കോടി രൂപയുടെ വരുമാനം പരമ്പരാഗത തൊഴിലാളികൾക്ക് ലഭിച്ചു. പതിനായിരക്കണക്കിനു സ്ത്രീകൾ ഉത്തരവാദിത്വ ടൂറിസം മിഷൻ പ്രവർത്തനങ്ങളിലൂടെ വരുമാനം നേടുന്നു. കേരളത്തിന്റെ തനതു വിഭവങ്ങൾ സഞ്ചാരികളെ പരിചയപ്പെടുത്തുന്നതിന് ആരംഭിച്ച പദ്ധതിയിലും സ്ത്രീ പങ്കാളിത്തമാണ് കൂടുതൽ.
ജില്ലയിൽ ആകെ 3000 യൂണിറ്റുകൾ
2418 യൂണിറ്റുകളിലും സ്ത്രീകൾ
3 വർഷം കൊണ്ട് 2188 ആളുകൾക്ക് തൊഴിൽ പരിശീലനം
വ്യത്യസ്തങ്ങളായ 18600 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
കോട്ടയം ജില്ലയിൽ മാത്രം 3000 യൂണിറ്റുകൾ തുടങ്ങി
12712 ആളുകൾ ഈ മേഖലയുടെ ഗുണഭോക്താക്കളായി
2020 സെപ്തംബർ വരെ പ്രാദേശിക വരുമാനം 32.12 കോടി
11 കോടിയും ലഭിച്ചത് കോട്ടയം ജില്ലയിലെ യൂണിറ്റുകൾക്ക്