കട്ടപ്പന: തുടർച്ചയായ പ്രളയങ്ങളും കൊവിഡ് പ്രതിസന്ധിയും മൂലം തേയില ഉത്പ്പാദനം കുറഞ്ഞതോടെ പച്ചക്കൊളുന്ത് വില കുത്തനെ ഉയർന്നു. 26 മുതൽ 31 രൂപ വരെയാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. ഇതു സർവകാല റെക്കാഡാണ്. നാലുമാസം മുമ്പ് 14 രൂപയായിരുന്നു വില. എന്നാൽ രാജ്യത്തെ തേയില ഉത്പ്പാദനത്തിൽ 40 ശതമാനത്തിന്റെ കുറവുണ്ടായി. വില ഉയർന്നെങ്കിലും ഉത്പ്പാദനം കുറഞ്ഞതിനാൽ കർഷകർക്ക് കാര്യമായ പ്രയോജനമില്ല. 22.56 രൂപയാണ് ടീ ബോർഡ് ഒക്‌ടോബറിൽ നിശ്ചയിച്ചിട്ടുള്ള തറവില. ഇതും ഏറ്റവും ഉയർന്ന വിലയാണ്. ഉത്പ്പാദനത്തിൽ വൻ കുറവുണ്ടായതിനാൽ ഇപ്പോഴത്തെ ഉയർന്ന വില മാസങ്ങളോളം തുടരുമെന്നാണ് വിലയിരുത്തൽ.
കേരളം, തമിഴ്‌നാട്, ബംഗാൾ, ആസാം, ത്രിപുര, ഉത്തരാഖണ്ഡ്, നാഗാലാൻഡ് തുടങ്ങിയ 13 സംസ്ഥാനങ്ങളിലാണ് തേയിലക്കൃഷിയുള്ളത്. രാജ്യത്തെ ആകെ ഉത്പ്പാദനത്തിന്റെ 32 ശതമാനം തമിഴ്‌നാട്ടിലും 27 ശതാനം കേരളത്തിലുമാണ്. ലോകത്തെ തേയില ഉത്പ്പാദനത്തിൽ ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതും വിയറ്റ്‌നാം മൂന്നാമതും ശ്രീലങ്ക നാലാമതുമാണ്. എന്നാൽ ചൈനയെ പോലും പിന്തള്ളി ഏറ്റവും ഗുണനിലവാരമുള്ള തേയില ഉത്പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്.
ആസാം, ത്രിപുര, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെല്ലാം പച്ചക്കൊളുന്ത് ഉത്പ്പാദനം വൻതോതിൽ കുറഞ്ഞു. ആസമിൽ പ്രളയവും ത്രിപുരയിലും, ഉത്തരാഖണ്ഡിലും മഞ്ഞുവീഴ്ചയുമാണ് വിനയായത്. കേരളത്തിൽ ഏറ്റവുമധികം ഉത്പ്പാദനം ഇടുക്കിയിലും രണ്ടാമത് വയനാട്ടിലുമാണ്. ലോക്ക്ഡൗണിൽ നാലുമാസത്തോളം വിളവെടുപ്പ് മുടങ്ങിയതോടെ ചെടികൾ വളർന്നുപോയിരുന്നു. തൊഴിലാളികളെ കിട്ടാത്തതിനാൽ കവാത്തും വളമിടീലും മുടങ്ങിയിരിക്കുകയാണ്.