കട്ടപ്പന: വാത്തിക്കുടി പഞ്ചായത്തിലെ വിവിധ മേഖലകളിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായിട്ടും പൊലീസ് പരിശോധന വിരളമാണെന്ന് സി.പി.ഐ. വാത്തിക്കുടി ലോക്കൽ കമ്മിറ്റി ആരോപിച്ചു. തോപ്രാംകുടി, മേലേചിന്നാർ, ദൈവംമേട് മേഖലകളിൽ ലഹരി സംഘങ്ങൾ പിടിമുറുക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം തോപ്രാംകുടിയിലെ ഫെഡറൽ ബാങ്കിന്റെ എ.ടി.എം. കൗണ്ടറിൽ കവർച്ച ശ്രമമുണ്ടായി. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് തസ്‌കര സംഘത്തിന്റെ ശ്രമം വിഫലമായി. കൂടാതെ വിദ്യാർഥിനിയെ ഒരുസംഘമാളുകൾ അപായപ്പെടുത്താനും ശ്രമിച്ചു. സമീപത്തെ വീട്ടിൽ കയറി രക്ഷപ്പെട്ട കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഗൂഢസംഘങ്ങളിൽ പെട്ടവർ കൗമാരക്കാരാണ്. ഇവരുടെ ശല്യം തുടർന്നിട്ടും പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. കുറ്റക്കാരെ പിടികൂടിയില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരം നടത്തും. കൂടാതെ തോപ്രാംകുടിയിൽ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്നും സെക്രട്ടറി ജോസഫ് കടവിൽ, സജി പെരുമ്പള്ളിൽ, സിബി ചക്കാലയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു.