munnar-hydal-park

അടിമാലി: മൂന്നാറിന്റെ വിനോദ സഞ്ചാരത്തിന് കരുത്തേകി ഹൈഡൽ പാർക്ക് തുറന്നു.ആറ് മാസങ്ങൾക്ക് ശേഷമാണ് പാർക്ക് സന്ദർശകർക്കായി തുറന്ന് നൽകുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശകരെ പാർക്കിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്.സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് പ്രവേശനം അനുവദിക്കുക.ആദ്യ ദിനം അമ്പത്തഞ്ചോളം സന്ദർശകർ പാർക്കിലെത്തി.വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷ.മൂന്നാർ സർവ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ഹൈഡൽപാർക്കിലൊരുക്കിയിരിക്കുന്ന സിപ് ലൈൻ,സിപ് സൈക്കിളിംഗ് സംവിധാനവും പ്രവർത്തനസജ്ജമായിട്ടുണ്ട്.പൂന്തോട്ടങ്ങൾ ഉൾപ്പെടെ കൂടുതൽ ആകർഷണീയമാക്കാനുള്ള ജോലികളും നടന്നു വരുന്നു.പാർക്ക് തുറന്ന് പ്രവർത്തനമാരംഭിച്ചത് ജീവനകാർക്കും വലിയ ആശ്വാസം നൽകുന്നു.വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നത് ആറു മാസങ്ങൾക്കിപ്പുറം മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലക്കും പുതിയ ജീവൻ നൽകുകയാണ്.