
കറുകച്ചാൽ: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ താഴത്തുവടകര ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് അതൊരു വലിയ വെല്ലുവിളിയായിരുന്നു. സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ എല്ലാവർക്കും സ്മാർട്ട് ഫോണില്ല, ഓൺലൈൻ ക്ലാസുകൾ എല്ലാവരിലും കൃത്യമായി എത്തിക്കാൻ കഴിയുന്നില്ല തുടങ്ങി നിരവധി പ്രശ്‌നങ്ങൾ. എന്നാൽ ഈ പ്രശ്‌നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാമെന്ന അധികൃതരുടെ ചിന്തയാണ് "ഒപ്പമുണ്ട് വിദ്യാലയം" എന്ന പദ്ധതി ആവിഷ്‌കരിക്കാൻ കാരണമായത്. ആദ്യഘട്ടമായി പരമാവധി വിദ്യാർത്ഥികളിലും സ്‌പോൺസർമാരുടെ സഹായത്തോടെ സ്മാർട്ട് ഫോണുകൾ എത്തിച്ചു നൽകി. പിന്നീട്ക്ലാസ്‌മുറിയിൽ ക്യാമറയും മറ്റ് സജ്ജീകരണങ്ങളുമൊരുക്കി സ്റ്റുഡിയോ സ്ഥാപിച്ചു. ഓരോ ദിവസവും പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ ഏറ്റവും ലളിതമായി തയ്യാറാക്കാൻ പ്രിൻസിപ്പൽ ആർ.ജിഷ തന്റെ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു. ക്ലാസ് മുറിയ്ക്ക് സമാനമായ സ്റ്റുഡിയോയിൽ സാധാരണ നിലയിൽ അധ്യാപകർ പഠിപ്പിക്കും. ഇത് ക്യാമറയിൽ പകർത്തി എഡിറ്റ് ചെയ്ത് വീഡിയോ രൂപത്തിൽ കൃത്യമായി ഓരോ ക്ലാസിന്റെയും വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും അയച്ചു നൽകും. ഇത് എല്ലാ വിദ്യാർഥികളിലും കൃത്യമായി എത്തിക്കുന്നതിലും വിജയിച്ചു. ഓൺലൈൻ ക്ലാസാണെങ്കിലും സാധാരണ പോലെ കൃത്യമായി ക്ലാസ് നടത്താനും കഴിയുന്നുണ്ട്. വീഡിയോ കണ്ട ശേഷം കുട്ടികൾക്ക് സംശയങ്ങൾ അധ്യാപകരോട് നേരിട്ട് ചോദിക്കാനും ഗ്രൂപ്പുകൾ മുഖേനെ ചർച്ച നടത്താനും കഴിയുന്നുണ്ട്.
പ്രവർത്തനം പൂർവ വിദ്യാർത്ഥികൾ
സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളായ ജോജോ, അശ്വിൻ, ഉനൈസ് എന്നിവർ ചേർന്നാണ് സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരായ ഇവർ ഓരോ ദിവസവും സ്‌കൂളിലെത്തി സ്റ്റുഡിയോയുടെ കാര്യങ്ങൾ നിയന്ത്രിക്കും. ഒരു ദിവസം മൂന്നും, നാലും അധ്യാപകരുടെ ഓരോ മണിക്കൂർ വീതമുള്ള ക്ലാസുകൾ ഇവരാണ് ഷ്യൂട്ട് ചെയ്യുന്നത്. എഡിറ്റിംഗും മറ്റ് ജോലികളുമെല്ലാം ഇവർ തന്നെ. പദ്ധതി വിജയകരമായതോടെ ക്ലാസുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇവർ. എയ്ഡഡ്, സി.ബി.എസ്.ഇ. സ്‌കൂളുകൾക്ക് പോലും ഓൺലൈൻ ക്ലാസുകൾ വെല്ലുവിളിയാകുമ്പോഴും ഈ സർക്കാർ സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള പരിശ്രമത്തിലാണ് ഇവർ.