tour
ശിൽപ്പി ഷാജി വാസൻ ജെ.സി.ഡാനിയൽ പ്രതിമക്കു സമീപം ഫോട്ടോ ശ്രീകുമാർ ആലപ്ര

കോട്ടയം: ഒന്നര വർഷമായി കോട്ടയം സുവർണ ഓഡിറ്റോറിയത്തിലെ ഇരുട്ടുമുറിയിൽ പഴയ തിരശ്ശീല കൊണ്ട് മൂടിവച്ചിരുന്ന ജെ.സി. ഡാനിയേലിന്റെ പ്രതിമയ്ക്ക് കേരളകൗമുദി ഇടപെടലിലൂടെ ശാപമോക്ഷം ലഭിക്കുമ്പോൾ ഏറെ സന്തോഷിക്കുന്നത് അതിന്റെ ശില്പി ഷാജി വാസനാണ്.

ചിത്രാജ്ഞലി സ്റ്റുഡിയോ കോംപ്ലക്സിൽ പ്രതിമ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്ഥീകരിക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ കേരളകൗമുദി ലേഖനം വായിച്ച ശേഷം പ്രതികരിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "പ്രതിമ സ്ഥാപിക്കാൻ ഇടം കണ്ടെത്താനാവാത്ത വിഷയം പൊതു ജനശ്രദ്ധയിൽ ആദ്യം കൊണ്ടുവന്നതും ലക്ഷ്യം കാണുംവരെ പോരാടിയതും കേരളകൗമുദിയാണ്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല "ഷാജി വാസൻ പറഞ്ഞു.

പ്രതിമ സ്ഥാപിക്കാൻ ഇടം ലഭിക്കാതെ വന്നതോടെ ഒന്നര വർഷം മുമ്പ് പി.സി.ജോർജ് എം.എൽ.എ കോട്ടയത്ത് ലോറിയിൽ പ്രതിമ അനാവരണം ചെയ്ത് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പ്രതിമ ഇറക്കിവയ്ക്കാൻ ഇടം തേടി ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ ഭാരവാഹികൾ അലഞ്ഞു. സുവർണ ഓഡിറ്റോറിയം ഉടമ അനുവദിച്ചതിനാൽ അവിടെ ഒരു മൂലയിൽ പൊതിഞ്ഞുവച്ചു. മലയാളത്തിലെ ആദ്യ നിശബ്ദചിത്രമായ 'വിഗതകുമാരൻ' ഫിലിം റോൾ ജെ.സി.ഡാനിയേൽ സൂര്യപ്രകാശത്തിൽ നോക്കുന്നതാണ് പ്രതിമ.

ജെ.സി.ഡാനിയേലിന്റെ പിതാവ് ജ്ഞാനാഭരണത്തിന്റെ ജന്മസ്ഥലം ചങ്ങനാശേരിയാണ്. അവിടെ സി.എസ്.ഐ പള്ളിയിലാണ് ഡാനിയേലിന്റെ മൃതദേഹം സംസ്കരിച്ചത്. അതിനാൽ ചങ്ങനാശേരിയിൽ പ്രതിമ സ്ഥാപിക്കാൻ ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ സാരഥികളായ അനസും സോന എസ്.നായരും നഗരസഭാ അധികൃതരുടെ സഹായം തേടിയിരുന്നു. കൊവിഡെത്തിയതോടെ അതിനും മുടക്കംവന്നു. പീഠമടക്കം ഒമ്പതടി പൊക്കം വരുന്ന കോൺക്രീറ്റ് പ്രതിമ സ്ഥാപിക്കാൻ ഇടംതേടി മകൻ ഹാരീസ് ഡാനിയേൽ കേറിയിറങ്ങാത്ത ഇടമില്ല. ചിത്രഞ്ജലി സ്റ്റുഡിയോ, ചലച്ചിത്ര അക്കാഡമി, പുതുപ്പള്ളി കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥലങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടായിരുന്നില്ല. ഒറ്റ സിനിമകൊണ്ട് സാമ്പത്തികമായി തകർന്ന ഡാനിയേൽ 1975ലാണ് അന്തരിച്ചത്. 1992ൽ സംസ്ഥാന സർക്കാർ മലയാളസിനിമയുടെ പിതാവായി അംഗീകരിച്ചാണ് ജെ.സി. ഡാനിയേൽ പുരസ്കാരം ഏർപ്പെടുത്തിയത്.

" സെല്ലുലോയ്ഡിന് സംസ്ഥാന അവാർഡ് കിട്ടിയപ്പോഴാണ് ജെ.സി.ഡാനിയേലിന്റെ പ്രതിമ സ്ഥാപിക്കാൻ ആലോചിച്ചത്. അഞ്ചു ലക്ഷത്തോളം രൂപ ചെലവായി. മൂന്നേമുക്കാൽ ലക്ഷത്തോളം കടത്തിലാണ്. ശില്പിക്ക് പണം കൊടുക്കാനുണ്ട്. കടം വീട്ടുന്നതിനുള്ള ധനശേഖരണത്തിന് ജനുവരിയിൽ തിരുവനന്തപുരത്ത് ഒരു അവാർഡ് നിശ സംഘടിപ്പിക്കണമെന്ന ആലോചനയിലാണ്.

-സോന എസ്. നായർ

(ജെ.സി.ഡാനിയേൽ ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ)