cyber

കോട്ടയം: സമരാവേശവും പ്രചാരണവുമെല്ലാം ഓൺലൈനിലേയ്ക്ക് വ്യാപിച്ച് തുടങ്ങിയിട്ട് കുറേയായെങ്കിലും കൊവിഡ് കാലത്താണ് സജീവമായത്. സമയവും വേദിയുമൊക്കെ നിശ്ചയിച്ച് ആളെ കൂട്ടി പ്രസംഗിച്ച് പുളകം കൊള്ളിച്ചിരുന്ന കാലത്തിനുമപ്പുറത്താണ് സൈബർ പ്രതിരോധവും പ്രചാരണവും. തദ്ദേശ തിര‌ഞ്ഞെടുപ്പിന് ഓൺലൈൻ പ്രചാരണത്തിന് സാദ്ധ്യതയേറുമ്പോൾ ആയുധങ്ങൾ ശേഖരിച്ചുവയ്ക്കുകയാണ് മുന്നണികൾ.

ആരോപണമുയർന്നാൽ അര നിമിഷത്തിൽ മറുപടി കൊടുക്കണം. കമന്റുകൾ കൊണ്ട് പ്രതിരോധിക്കണം. എന്നാൽ വായിൽ തോന്നിയതു വിളിച്ചുപറഞ്ഞാൽ തിരിച്ചടിക്കുമെന്നതിനാൽ ആസൂത്രണം ചെയ്താണ് സൈബർ പോരാട്ടങ്ങൾ. വിരൽത്തുമ്പിൽ നാം കാണുന്ന ട്രോളുകൾക്കും കമന്റുകൾക്കുമപ്പുറം ആസൂത്രണവും വിവര ശേഖരണവുമെല്ലാമായി വലിയൊരു വിഭാഗം ഓരോ രാഷ്ട്രീയ പാർട്ടിക്കുമുണ്ട്.

യുദ്ധമുറിയിൽ തയ്യാറെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവം ഉയരുന്നതിന് മുന്നേ സി.പി.എമ്മിന്റെ സൈബർ യുദ്ധ മുറികൾ സജീവമാണ്. സമീപ കാലത്ത് പാർട്ടിക്ക് നേരെയുണ്ടായ ആരോപണങ്ങളെ പ്രതിരോധിക്കാനാണ് തിരഞ്ഞെടുപ്പിന് മുൻപു തന്നെ സൈബറിടങ്ങളിൽ സി.പി.എം സജീവമായത്. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ മുകളിൽ മുതൽ താഴെ വരെ പാർട്ടിക്ക് ആശയ വിനിമയം നടത്താൻ സംവിധാനമുണ്ട്.വാർത്തകളിൽ മറുപടി പറയേണ്ടവ, പ്രതിരോധിക്കേണ്ടവ, വിശദീകരിക്കേണ്ടവ, എതിർക്കേണ്ടവ എന്നിങ്ങനെ തരംരിച്ച് ഇതിനനുസരിച്ച് ട്രോളോ, പോസ്റ്ററോ, ഫേ‌സ്ബുക് ലൈവോ തയാറാക്കും.

ഫേ‌സ്ബുക്കാണെൻ സമരായുധം

സർക്കാരിനെതിരായ സമരവും പത്രസമ്മേളനവുമെല്ലാം അതത് നേതാക്കളുടെ ഫേ‌സ്ബുക്ക് പേജിലൂടെ ലൈവായി കാട്ടുന്നുണ്ട് ബി.ജെ.പി നേതാക്കൾ. ഇതിനായി പ്രത്യേക ഐ.ടി. സെല്ലുമുണ്ട്. മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരി മൂന്ന് വർഷത്തിലേറെയായി ഈ രംഗത്ത് സജ്ജമാണ്. എന്ത് പരിപാടിയിൽ പങ്കെടുത്താലും ഫോട്ടോയും ചിത്രവും ആളുകളുടെ വാട്സാപ്പിൽ എത്തും. സമരത്തിനും മറ്റും പങ്കെടുത്താൽ ലൈവ് ചെയ്യാൻ അണികളുണ്ടാവും.

ഇനി ചൂടുപിടിക്കും നാളുകൾ


പോസ്റ്റർ പ്രചരണത്തിന്റെ ചെലവും മറ്റും ഒഴിവാക്കുന്നത് സ്ഥാനാർത്ഥിക്ക് സാമ്പത്തികമായി ഏറെ ഗുണം ചെയ്യും. എങ്കിലും നേരിട്ട് വോട്ട് ചോദിക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ അതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്.

സൈബർ സാദ്ധ്യതകൾ

 വോട്ടറെ വീഡിയോ കാൾ വിളിച്ച് വോട്ടു ചോദിക്കാം

 വോട്ടർമാ‌‌രെ ബ്രോഡ്കാസ്റ്റിംഗ് ഗ്രൂപ്പാക്കി മെസേജയയ്ക്കാം

 ഇഷ്ടമുള്ള പോസ്റ്ററുകൾ ഡിസൈൻ ചെയ്ത് പ്രചരിപ്പിക്കാം

 പഴയ പോസ്റ്റുകൾ 'കുത്തിപ്പൊക്കി' എതിരാളിയെ തളർത്താം