cars

കോട്ടയം: പ്രളയത്തോടെ തരിപ്പണമായ യൂസ്ഡ് കാർ വിപണിക്ക് കൊവിഡ് കാലത്ത് പുത്തനുണർവ്. കൊവിഡ് മൂലം ബസ് യാത്ര പരമാവധി ഒഴിവാക്കാൻ ജനങ്ങൾ തീരുമാനിച്ചതാണ് യൂസ്ഡ് കാർ വിപണിക്ക് ഗുണകരമായത്.

യൂസ്ഡ് വാഹനങ്ങളുടെ വിൽപ്പന ജില്ലയിൽ 90 ശതമാനത്തോളം കൂടിയപ്പോൾ 25000 മുതൽ 50000 രൂപ വരെ വിലയും ഉയർന്നു. നല്ല വാഹനങ്ങൾ കിട്ടാനില്ലെന്നതാണ് വിപണി ഇപ്പോൾ നേരിടുന്ന പ്രശ്നം. ജോലി നഷ്ടപ്പെട്ട പ്രവാസികൾ ഒമ്നി വാനുകളിൽ വഴിയോരക്കച്ചവടം സജീവമാക്കിയതും ലോക്ക് ഡൗണിന് ശേഷമാണ്. ബസിലും മറ്റും സാമൂഹിക അകലം ഉറപ്പാക്കാൻ കഴിയാത്തതിനാൽ സ്വന്തം വാഹനമെന്ന ചിന്തയിലേയ്ക്ക് ആളുകൾ മാറി. നല്ല ബൈക്കിന്റെ പണമുണ്ടെങ്കിൽ പഴയ കാറൊരെണ്ണം സ്വന്തമാക്കാമെന്ന നിലവന്നു. കുടുംബം മുഴുവൻ ഒരുമിച്ച് യാത്ര ചെയ്യാമെന്നതും മെച്ചമായി. മദ്ധ്യതിരുവിതാംകൂറിൽ യൂസ്ഡ് വാഹനങ്ങൾക്ക് വിലകൂടുതലായതിനാൽ ഡീലർമാരിൽ പലരും മലബാർ മേഖലകളിൽ നിന്ന് വാഹനമെടുത്ത് ഇവിടെ വിൽക്കുകയാണ്. മുൻപ് വാഹനമെടുത്ത് ദിവസങ്ങൾ കഴിഞ്ഞാലും വിറ്റുപോകില്ലായിരുന്നെങ്കിൽ ഇപ്പോൾ പരസ്യം നൽകി മണിക്കൂറുകൾക്കുള്ളിൽ വിളിയെത്തും. ഒ.എൽ.എക്സ് ഉൾപ്പെടെയുള്ള ആപ്ളിക്കേഷനും സോഷ്യൽ മീഡിയകളുടെ സാദ്ധ്യതയും പ്രയോജനപ്പെടുത്തിയാണ് വിൽപ്പന കൂടുതലും. പുതിയ കാറുകളുടെ വിപണി സജീവമായതും യൂസ്ഡ് കാറുകൾക്ക് അനുഗ്രഹമായി.

യൂസ്ഡ് കാർ ശ്രേണിയിൽ മാരുതി 800, വാഗണർ തുടങ്ങിയ ചെറിയ കാറുകൾക്കാണ് പ്രിയം. ഒരു ലക്ഷം രൂപയ്ക്കു വരെ പഴയ വലിയ കാറുകൾ ലഭിക്കുമെങ്കിലും വാങ്ങി ഒാടിച്ചു കൊണ്ടു നടക്കാൻ സാധാരണക്കാർക്ക് മടിയാണ്.

'' നല്ല വാഹനങ്ങൾ കിട്ടാനില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം. ചെറുവാഹനങ്ങളുടെ ഡിമാൻ‌ഡ് കൂടിയപ്പോൾ ഇന്നോവ പോലുള്ള പ്രീമിയം വാഹനങ്ങളുടെ മാർക്കറ്റും വിലയും കുറഞ്ഞു. സാധാരണക്കാരാണ് ഇപ്പോൾ യൂസ്ഡ് കാർ തേടിയെത്തുന്നത്''

ജി.ഹരിലാൽ, യൂസ്ഡ് കാർ ഡീലർ