പാലാ നഗരത്തിൽ വഴിവിളക്കുകൾ കത്തുന്നില്ല
പാലാ : ഏരിയൽ ബഞ്ച്ഡ് കേബിൾ പദ്ധതി, ഇനി മുടക്കമില്ലാത്ത വൈദ്യുതി, എന്നും തെളിയുന്ന വഴി വിളക്കുകൾ .... എന്തെല്ലാം പ്രഖ്യാപനങ്ങളായിരുന്നു. എല്ലാം വെറുതെയെന്ന് പാലാക്കാർ പറയുന്നു. വഴിവിളക്കുകൾ പോലും തെളിയാത്ത അവസ്ഥയാണിപ്പോൾ. കഴിഞ്ഞ മൂന്നു മാസത്തിലധികമായി നഗരത്തിലെ 90 ശതമാനം വഴിവിളക്കുകളും തെളിയുന്നില്ല. നഗരത്തിലെ ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെയും സ്ഥിതിയും ഇതാണ്. രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ ലൈറ്റുകളാണ് നഗരത്തിൽ വെളിച്ചം പകരുന്നത്. കടകൾ അടയ്ക്കുന്നതോടെ കൂരിരുട്ടാകും. കൊവിഡ് മൂലം കടകൾ നേരത്തെ അടയ്ക്കും.
ജീവൻപണയം വച്ച് യാത്ര
പാലാ വലിയ പാലത്തിൽ 40ലധികം ലൈറ്റുകൾ ഉണ്ടങ്കിലും ഒന്നുപോലും തെളിയുന്നില്ല. വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിലാണ് ആളുകൾ പാലത്തിന്റെ നടപ്പാതയിലൂടെ സഞ്ചരിക്കുന്നത്. കൊട്ടാരമറ്റം, ജനറൽ ആശുപത്രിജംഗ്ഷൻ, ളാലം ജംഗ്ഷൻ എന്നിവടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മാസങ്ങളായി തെളിയുന്നില്ല. ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും വർദ്ധിക്കുകയാണ്.