
കുമരകം: പടിഞ്ഞാറൻ പാടശേഖരങ്ങളിൽ കർഷകർക്ക് വില്ലനായ അമ്ളത്വത്തിന് പരിഹാരമാർഗം നിർദേശിച്ച് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം. ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട ഗവേഷണ കേന്ദ്രം മേധാവി ഡോ.വന്ദനയാണ് പരിഹാര മാർഗവും നിർദേശിച്ചത്.
ഇരുമ്പ്, അലൂമിനിയം, മാംഗനീസ്, സൾഫർ ലവണങ്ങൾ കൂടുന്നതാണ് മണ്ണിന് പുളിരസം കൂടാൻ കാരണം. ഇത് മൂലം വിതപിടിക്കാതെ വിത്തുരികി പോകും. വേര് അഴുകി അവശ്യമൂലകങ്ങൾ വലിച്ചെടുക്കാനാവാതെ വരുകയും ചെയ്യും.
ചെയ്യേണ്ടത്
സ്യൂഡോമോണാസ് ഫ്ലൂറൻസ് എന്ന മിത്രബാക്ടീരിയയുമായി ചേർത്ത് നടണം. ഒരു കിലോ വിത്തിന് പത്ത് ഗ്രാമെന്ന കണക്കിൽ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് മുക്കി വയ്ക്കുകയോ ഒരു ഏക്കറിന് ആവശ്യമായ വിത്തിൽ ഒരു കിലോ എന്ന തോതിൽ എടുത്ത് കൂട്ടിയോജിപ്പിച്ചോ നടാം. ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനും രോഗങ്ങളെ പ്രതിരോധിക്കാനും മിത്രബാക്ടീരിയയ്ക്ക് കഴിയും. വിള ഇറക്കും മുന്നേ പി.എച്ച് മൂല്യം നിർണയിച്ച് കുമ്മായം മണ്ണിൽ പ്രയോഗിക്കുന്നതും പിന്നീടുള്ള കഴുകലും ഗുണകരമാണ്. ഉഴുവുമ്പോൾ ഏക്കറിന് 140കിലോ കുമ്മായമോ നീറ്റുകക്കയോ ചേർക്കാം. അതല്ലെങ്കിൽ 80 കിലോ ഡോളമേറ്റും ഒരുമാസത്തിന് ശേഷം 100 കിലോ കുമ്മായവും നൽകണം. കുമ്മായം ചേർത്തതിന്റെ പൂർണ പ്രയോജനം ലഭിക്കാൻ ജലപരിപാലനം ഉറപ്പാക്കണം. വെള്ളം വാർത്ത് കുമ്മായമിട്ടതിന് ശേഷം 12-24 മണിക്കൂർ കഴിഞ്ഞ് നിലം കഴുകിയിറക്കണം. മണ്ണ് ഉണങ്ങരുത്.