മുണ്ടക്കയം : കൊക്കയാർ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ നാരകംപുഴ-കൊക്കയാർ-വെംബ്ലി റോഡ് തകർന്നതോടെ യാത്രാദുരിതമേറി. നാരകംപുഴമുതൽ വടക്കേമല പാപ്പാനി പാലം വരെ അഞ്ചു വർഷങ്ങം മുമ്പ് നിർമ്മാണം നടത്തിയ റോഡിൽ നിറയെ കുണ്ടുംകുഴിയുമാണ്. പി.ടി.തോമസ് എം.പി.യായിരുന്ന കാലത്ത് 8 കോടി രൂപ മുടക്കി നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.
നിർമ്മാണം പൂർത്തിയാക്കി ആറുമാസം പിന്നിടുന്നതിന് മുൻപ് ടാറിംഗ് ഇളകിയിരുന്നു. നിലവിൽ നാരകംപുഴമുതൽ ഏന്തയാർ വരെയാണ് കൂടുതൽ ദുരിതം. കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. ചില ഭാഗങ്ങളിൽ കാൽനടയാത്ര പോലും ദുസ്സഹമായി. തദ്ദേശതിരഞ്ഞെടുപ്പ് എത്തിയതോടെ റോഡിന്റെ പേരിൽ വോട്ടുപിടിക്കാൻ രാഷ്ട്രീയ പാർട്ടികളെല്ലാം തയ്യാറെടുപ്പിലാണ്.