പാലാ : നഗരസഭയിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഇനി പണമിടപാട് ഡിജിറ്റലായി നടത്താം. കാത്തലിക് സിറിയൻ ബാങ്കുമായി ചേർന്ന് നടപ്പാക്കിയ ഇ-പോസ് മെഷീനുകളുടെ ഉദ്ഘാടനം നഗരസഭ കൗൺസിൽ ഹാളിൽ നടന്നു. തൊഴിൽ നികുതി, വസ്തുനികുതി, വാടക, ലൈസൻസ് ഫീസ് തുടങ്ങി നഗരസഭ നൽകുന്ന സേവനങ്ങൾ ഇനി മുതൽ ക്യാഷ്‌ലെസായി നടത്താം. എല്ലാ ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിന് പ്രത്യേക കൗണ്ടർ ഇനി മുതൽ നഗരസഭയിൽ ലഭ്യമാകും. നഗരസഭ ചെയർപേഴ്‌സൺ മേരി ഡൊമിനിക് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, കൗൺസിലർമാർ, സെക്രട്ടറി എം.മുഹമ്മദ് ഹുവൈസ്, കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.