പൊൻകുന്നം: നഗരമദ്ധ്യത്തിലടക്കം ദേശീയപാതയിൽ പലയിടത്തും റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടത് വാഹനാത്രക്കാർക്ക് ദുരിതമായി. നേരത്തെ ഉണ്ടായിരുന്ന ചെറിയ കുഴികൾ കോൺക്രീറ്റ് ഉപയോഗിച്ച് നികത്തിയിരുന്നു. വാഹനങ്ങൾ കയറിയിറങ്ങി ഈ ഭാഗങ്ങൾ വീണ്ടും പൊളിഞ്ഞു. മഴക്കാലം കൂടിയെത്തിയതോടെ പൊളിഞ്ഞ ഭാഗങ്ങൾ വലിയ കുഴികളായി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇപ്പോൾ നിത്യസംഭവമാണ്. കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതാണ് അപകടത്തിന് കാരണം. കെ.വി.എം.എസ് ജംഗ്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെ പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനായി വാട്ടർഅതോറിട്ടി കുഴിച്ച നിരവധി കുഴികളുണ്ട്. മുൻവർഷങ്ങളിൽ ശബരിമല തീർത്ഥാടനത്തിന് മുമ്പ് റോഡ് നവീകരിക്കുമ്പോൾ അറ്റകുറ്റപ്പണികളെല്ലാം തീർത്തു പോകുന്നതാണ്.എന്നാൽ ഇക്കുറി തീർത്ഥാടനത്തിനായി വലിയതോതിലുള്ള ഒരുക്കങ്ങളില്ലാത്തതിനാൽ റോഡ് നവീകരണവും നടക്കുന്നില്ല. അപകടക്കെണിയായി മാറിയ കുഴികൾ മൂടാൻ നടപടിയുണ്ടാകണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.