
കോട്ടയം: ജോസും ജോസഫും തെറ്റിപ്പിരിഞ്ഞിട്ട് ഒരു വർഷമായെങ്കിലും അങ്ങനെ അങ്ങനെ പോകാൻ വരട്ടെയെന്ന് കോടതി. ഒടുവിൽ ഇരുകൂട്ടരും കോടതിക്ക് മുന്നിലെത്തി. ഒരുമിച്ച് നിന്നവർ ഭിന്നിച്ച് ഇരുമുന്നണികളുടെ ഭാഗമായെങ്കിലും ഉടനെയെങ്ങും കാണാനിടയില്ലാത്ത കൗതുക കാഴ്ചയ്ക്ക് അങ്ങിനെ കോട്ടയം സി.ജെ.എം കോടതി വേദിയായി.
ഇരുപാർട്ടികളും ഒരു ഞെട്ടിലെ രണ്ടിലകളായി കഴിയുമ്പോഴായിരുന്നു കർഷകപ്രശ്നത്തിൽ കേന്ദ്ര സർക്കാരിനെതിരെ ട്രെയിൻ തടയൽ നടത്തിയത്. 2017 ജൂൺ 23ന് രാവിലെ 11ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ കെ.എം മാണിയുടെ നേതൃത്വത്തിൽ ശബരി എക്‌സ് പ്രസ് ഉപരോധിച്ചു. ഈ സംഭവത്തിൽ കെ.എം.മാണിയും ജോസഫും ഒന്നും രണ്ടും പ്രതികളായി പൊലീസ് കേസെടുത്തു. മാണി മരിച്ചതോടെ കേസിൽ നിന്ന് ഒഴിവാക്കി. ജോസഫ് പക്ഷത്ത് നിന്ന് മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ, ടി.യു കുരുവിള തുടങ്ങിയവരും ജോസിന്റെ വലംകൈകളായ റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, പാർട്ടി ജനറൽ സെക്രട്ടറി ജോബ് മൈക്കിൾ തുടങ്ങിയവരും പ്രതികളായി. ഇന്നലെ കേസ് വിളിച്ചപ്പോൾ പി.ജെ ജോസഫും റോഷിയും മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും ഹാജരായി. ആകെ പതിനാല് പ്രതികൾ. നേതാവ് ഒന്നിന് 1750 രൂപ വീതം പിഴ വിധിച്ച് കേസ് തീർപ്പാക്കി.
പിന്നെ ഒന്നിച്ച് കൂട്ടിൽ കയറിയവർ രണ്ടായി പിരിഞ്ഞ് പുറത്തേയ്ക്ക്. കോടതിക്ക് പുറത്ത് തമാശയും ചിരിയുമായി പാർട്ടിയിലെ കലഹം നേതാക്കൾ പുറത്തുകാട്ടിയില്ല . കർഷകർക്ക് വേണ്ടിയാണ് അന്ന് സമരം ചെയ്തതെന്നും ശത്രുപക്ഷത്ത് ആണെങ്കിലും കർഷക പ്രശ്‌നത്തിൽ വീണ്ടും ഒന്നിക്കുമെന്നും പി.ജെ ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടികൾ വീണ്ടും ഒന്നിക്കുന്നത് കേരള കോൺഗ്രസിൽ പുതുമയല്ലെന്നായിരുന്നു റോഷിയുടെ കമന്റ്.