കട്ടപ്പന: പരിശോധന നടത്താത്ത വ്യക്തിയെ 'കൊവിഡ് രോഗി'യാക്കി ആരോഗ്യ വകുപ്പ്. കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് കൊവിഡ് ആന്റിജൻ പരിശോധനയിൽ ഗുരുതര വീഴ്ചയുണ്ടായത്. കട്ടപ്പന സ്വദേശിയും റിട്ട. എ.എസ്.ഐയുമായ ജയരാജിനെയാണ് ചൊവ്വാഴ്ച കൊവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് അറിയിച്ചത്. എന്നാൽ പരിശോധനയ്ക്ക് വിധേയനായിട്ടില്ലെന്നു അറിയിച്ചതോടെ ആരോഗ്യ പ്രവർത്തകരും വെട്ടിലായി. മറ്റൊരാളുടെ പരിശോധനാ ഫലമാണ് ജയരാജിന്റെ പേരിൽ വന്നത്. എന്നാൽ പോസിറ്റീവായ ആളെ ഇനിയും കണ്ടെത്തിയിട്ടില്ല.
ഗർഭിണിയായ മരുമകളുടെ ശുശ്രൂഷയ്ക്കായി ആശുപത്രിയിൽ പോകുന്നതിനു മുന്നോടിയായാണ് തിങ്കളാഴ്ച ജയരാജ് കുടുംബസമേതം താലൂക്ക് ആശുപത്രിയിൽ ആന്റജൻ പരിശോധനയ്ക്കായി എത്തിയത്. മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരുന്നു. ഇതിനിടെ പരിശോധനയ്ക്ക് എത്തിയ വൃദ്ധ കുഴഞ്ഞുവീഴുകയും പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കുഴഞ്ഞുവീണപ്പോൾ എഴുന്നേൽപ്പിക്കാൻ സഹായിച്ചവരോട് നിരീക്ഷണത്തിൽ പോകാനും ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു. ആശുപത്രിയിൽ തിരക്ക് വർദ്ധിച്ചതോടെ ജയരാജും കുടുംബവും ടെസ്റ്റ് നടത്താതെ തിരികെ വീട്ടിലേക്കു മടങ്ങി. തുടർന്ന് കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്താനിരിക്കെ ചൊവ്വാഴ്ച ഇടുക്കി മെഡിക്കൽ കോളജിൽ നിന്നും ജയരാജിനെ വിളിച്ച് കൊവിഡ് പോസിറ്റീവാണെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ പരിശോധന നടത്തിയിട്ടില്ലെന്നു അറിയിച്ചതോടെ ആരോഗ്യ പ്രവർത്തകരും കുഴങ്ങി. ആന്റിജൻ പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലെ സാങ്കേതിക പിഴവാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.