കട്ടപ്പന: പകൽസമയത്തെ മഴയും രാത്രികാലങ്ങളിലെ തണുപ്പും മൂലം കൃഷിയിടങ്ങളിൽ ഒച്ച് ശല്യം വ്യാപകമായി. ഏലം ഉൾപ്പെടെയുള്ള നാണ്യവിളകൾക്കും പച്ചക്കറിക്കൃഷിക്കും ഇവറ്റകൾ ഭീഷണിയാണ്. വിവിധ ഇനത്തിലുള്ള ഒച്ചുകൾ പുരയിടങ്ങൾ കൈയ്യടക്കിയതോടെ കർഷകരും ദുരിതത്തിലായി. മുട്ടയിട്ടു പെരുകുന്നതോടെ കൃഷിയിടവും വൃത്തിഹീനമാകുകയാണ്. കീടനാശിനി കൂടാതെ പുകയില തുരിശുലായിനി ഉപയോഗിച്ച് പ്രതിരോധിക്കാൻ കൃഷിവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഏലത്തിനു പുറമേ കുരുമുളക്, കാപ്പി, ഇഞ്ചി, വാഴ തുടങ്ങിയ കൃഷികൾക്കും ഒച്ചുകൾ ഭീഷണിയായി മാറിക്കഴിഞ്ഞു.
വൈകുന്നേരം തണുപ്പ് ആരംഭിക്കുന്നതോടെയാണ് ഒച്ചുകൾ കൾ കൂട്ടമായി കൃഷിയിടങ്ങളിൽ എത്തുന്നത്. ഏലച്ചെടിയിലെ പൂക്കളും കായയുടെ പുറത്തെ തൊണ്ടിന്റെ നേർത്ത ആവരണവും ഒച്ച് ഭക്ഷണമാക്കുന്നു. ഇത്തരം കായകൾക്ക് വിപണിയിൽ വില ലഭിക്കില്ല. കൂടാതെ പച്ചക്കറികളുടെ പൂക്കളും ഇലകളും തിന്നു നശിപ്പിക്കുന്നു. വാഴയുടെയും ഏലച്ചെടിയുടെയും പോളകൾക്കിടയിലാണ് ഇവറ്റകൾ മുട്ടയിടുന്നത്.