കുമരകം : തദ്ദേശ തെരെഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിക്കപ്പെട്ടില്ലെങ്കിലും പരസ്യപ്രചരണത്തിനായി നാട്ടിൻ പുറത്തെ ചുവരുകൾ തങ്ങളുടെ സ്വന്മാക്കാനുള്ള പരക്കം പാച്ചിലിലാണ് രാഷ്ട്രീയ പാർട്ടികളും അണികളും. ചിലയിടത്ത് ചൂടേറിയ വാഗ്വാദങ്ങൾക്കും പോർവിളികൾക്കും തുടക്കമായിട്ടുണ്ട്. കുമരകത്ത് മൂന്നാം വാർഡിൽ ചൂളഭാഗം പ്രവീൺ നിവാസിലെ മതിലിന് അവകാശവാദവുമായി ഇരുമുന്നണികൾ എത്തിയപ്പോൾ വിഷമത്തിലായത് ഉടമ രമണി ശിവപ്രസാദാണ്. നാട്ടിലെ ചെറുപ്പക്കാരിൽ ചിലർ ചുവർ പരസ്യത്തിന് അനുവാദം ചോദിച്ചെത്തിയപ്പോൾ പറ്റില്ല എന്ന് ആരോടും പറഞ്ഞില്ല. രാത്രി തന്നെ ആദ്യ സംഘം എത്തി എൻ.ഡി.എ ബുക്ക്ഡ് എന്നെഴുതി പിരിഞ്ഞു. പിന്നീടെത്തിയ എൽ.ഡി.എഫുകാർ ഇതിന് മുകിളിൽ വെള്ള കുമ്മായം പൂശി സ്വന്തം പാർട്ടിയുടെ ബുക്കിംഗ് എഴുതി തങ്ങളുടെ അവകാശവും ഉറപ്പിച്ചു. പിന്നീട് നടന്നത് രമണിയുടെ മതിലിന്റെ യഥാർത്ഥ ഉടമയ്ക്കായുള്ള അവകാശവാദങ്ങളായിരുന്നു. തങ്ങൾക്ക് രേഖാമൂലം ഉടമ ചുവരെഴുത്തിന് അവകാശം നൽകിയതാണെന്ന് ബി.ജെ.പി. ആരോപിച്ചു. സി.പി.എമ്മിന് എതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകി. എന്തായാലും തന്റെ വീടിന്റെ മതിൽ സ്വന്തമാക്കാൻ രണ്ട് രാഷ്ട്രീയ പാർട്ടികൾ പോരടിക്കുമ്പോൾ നിസഹായയോടെ മതിലിനുള്ളിൽ കഴിയുകയാണ് രമണി. കൂടെ വിഷമത്തോടെ ഒരു പരാതിയും തന്റെ അയൽവക്ക സ്‌നേഹം എന്തേ ഇവർക്കില്ലാത്തത്.