കൊല്ലാട് : യു.ഡി.എഫ് പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് യു.ഡി.എഫിൽ നില്ക്കുന്ന ജനപ്രതിനിധികൾ രാജിവയ്ക്കണമെന്ന കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ആവശ്യം ജനാധിപത്യ കേരളം തള്ളിക്കളയുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ലക്ഷക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരുടെ ചോരയും, നീരുമാണ് തോമസ് ചാഴികാടന്റെയും, എൻ.ജയരാജിന്റെയും വിജയം. യു.ഡി.എഫ് പ്രവർത്തകരെ വഞ്ചിച്ച് എൽ.ഡി.എഫിൽ ചേക്കേറിയതിനാലാണ് ഇരുവരുടെയും രാജി കോൺഗ്രസ് ആവശ്യപ്പെടുന്നത്. കടുവാക്കുളത്ത് കൊല്ലാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ വിചാരണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിബി ജോൺ കൈതയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, ജനപ്രതിനിധികളായ ഉദയകുമാർ, റ്റിറ്റി ബിജു , തങ്കമ്മ മർക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.