കട്ടപ്പന: പഞ്ചായത്ത് അംഗം ഉൾപ്പെടെ കാഞ്ചിയാർ പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നുള്ള മുന്നൂറോളം കേരള കോൺഗ്രസ്(എം)ജോസ് വിഭാഗം പ്രവർത്തകർ സ്ഥാനങ്ങൾ രാജിവച്ച് കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായ സിബി മാളവനയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടിവിട്ടത്. ഇദ്ദേഹം പഞ്ചായത്ത് അംഗത്വവും രാജിവച്ചു. കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റും ഇടുക്കി താലൂക്ക് കാർഷിക വികസന ബാങ്ക് ഡയറക്ടറുമായ ഷിജി സിബി, കേരള കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ മറ്റമുണ്ട, യൂത്ത് ഫ്രണ്ട് സെക്രട്ടറി ഷിൽറ്റ് ആന്റണി, സിബിച്ചൻ പാറക്കൽ, സുഹൈബ് മുള്ളൻകുഴി തുടങ്ങിയവരും പാർട്ടി വിട്ടവരിൽ ഉൾപ്പെടുന്നു.
കോൺഗ്രസിൽ ചേർന്നവരെ ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, എ.ഐ.സി.സി. അംഗം ഇ.എം. അഗസ്തി എന്നിവരുടെ നേതൃത്വത്തിൽ അംഗത്വം നൽകി സ്വീകരിച്ചു.