
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് എഴുന്നള്ളിപ്പുകൾക്ക് ഒരു ആനയെ ഉപയോഗിക്കാം. ആചാരപരമായ ചടങ്ങുകൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ മാത്രം ആനയെ ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ ജില്ലാ കളക്ടർ കോട്ടയം ഡിവിഷൻ സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർക്ക് നിർദ്ദേശം നൽകി.
അഷ്ടമി മഹോത്സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിനും ആനകളെ പൂർണമായി ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താൻ ദേവസ്വം ബോർഡ് നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നു. ആനയെ എഴുന്നള്ളിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുര നടയിൽ നാമജപയജ്ഞം ആരംഭിക്കുകയും ചെയ്തു.
നവംബർ 27 ന് അഷ്ടമി കൊടിയേറും. ഡിസംബർ 8 നാണ് വൈക്കത്തഷ്ടമി. അഷ്ടമിക്ക് മുന്നോടിയായി ക്ഷേത്രത്തിൽ നടക്കുന്ന പുള്ളി സന്ധ്യവേല ഇന്ന് തുടങ്ങും.