
കോട്ടയം: ഡിസംബർ ആദ്യ ആഴ്ചയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതോടെ ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ തേടിയുള്ള നെട്ടോട്ടത്തിലായി മുന്നണികൾ.
തുടർച്ചയായി ജയിക്കുക എന്നത് സ്ഥാനാർത്ഥിയുടെ ജനപിന്തുണയുടെ തെളിവാണെങ്കിലും സീറ്റ് കുത്തകയാക്കിയവരെ വെട്ടാനാണ് എല്ലാ പാർട്ടികളുടെയും നിർദ്ദേശമെന്ന പ്രത്യേകത ഈ തദ്ദേശ തിരഞ്ഞെടുപ്പിനുണ്ട്. മാറിയ സാഹചര്യത്തിൽ ഇത്തരക്കാരെ പൊതുജനം തള്ളുമെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിനുപിന്നിൽ.
മുൻകൂർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ജയസാദ്ധ്യതയാണ് പ്രധാന മാനദണ്ഡമായി കണക്കാക്കുക. മറ്റു സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ സ്ഥിരമായി ജയിക്കുന്നത് മൈനസ് പോയിന്റായി കണക്കാക്കില്ല.
പുതുമുഖങ്ങൾക്ക് പ്രധാന്യം നൽകിയാണ് മിക്ക പാർട്ടികളും ആദ്യ റൗണ്ട് സ്ഥാനാർത്ഥി ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ജയസാദ്ധ്യത ഉള്ളവർ കുറവാണെന്ന ആക്ഷേപം പല കോണുകൾ വഴി സ്ഥിരം കുറ്റികൾ പരാേക്ഷമായി ഉയർത്തിയിട്ടുണ്ട്. അവസാന സ്ഥാനാർത്ഥി പട്ടികയിൽ തങ്ങൾക്ക് കടന്നുകൂടാമെന്ന വിശ്വാസത്തിലാണ് ജനപിന്തുണ ഉണ്ടെന്ന് അവകാശപ്പെടുന്ന സ്ഥിരം സ്ഥാനാർത്ഥികൾ. ഇതിൽ ആൺ പെൺ വ്യത്യാസവുമില്ല.
സി.പി.എം
തുടർച്ചയായി രണ്ടു തവണ ജയിച്ചവരെ മൽസരിപ്പിക്കരുത്
വനിതകൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകണം.
ജനറൽ സീറ്റിലും സംവരണ വിഭാവക്കാരെ പരിഗണിക്കണം
കോൺഗ്രസ്
വാർഡിലുള്ളവർ മതി, ഇറക്കുമതി സ്ഥാനാർത്ഥികൾ വേണ്ട
ഭർത്താവും ഭാര്യയും വാർഡു മാറി മാറിയുള്ള മത്സരം വേണ്ട
പല തവണ ജയിച്ചവരെ ഇക്കുറി വീണ്ടും പരിഗണിക്കരുത്
സി.പി.ഐ
തുടർച്ചയായി മത്സരിച്ചു ജയിക്കുന്നവർക്ക് അവസരം നൽകരുത്
ജയസാദ്ധ്യതയുള്ളവരെ കണ്ടെത്തി സ്ഥാനാർത്ഥിയാക്കണം
ബി.ജെ.പി
വനിതകൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകണം
ജയസാദ്ധ്യതയുള്ളവരെ കണ്ടെത്തി സ്ഥാനാർത്ഥിയാക്കണം