
കോട്ടയം: കൊവിഡ് കാലത്ത് വെറുതേയിരിപ്പായവരിൽ പലരും ഹോംമെയ്ഡ് കേക്കും പലഹാര നിർമാണവുമായി ബിസിനസ് വിപുലപ്പെടുത്തുമ്പോൾ വടിയെടുത്ത് നിൽക്കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഓർഡർ പിടിച്ച് കേക്കും മറ്റും വിൽക്കുന്നവർ ലൈസൻസ് എടുക്കണമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം.
ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് നോക്കി ഭക്ഷണ സാധനങ്ങൾ നിർമിച്ച് പഠിച്ചവർ പലരും ഇപ്പോൾ ഹോം മെയ്ഡ് ഭക്ഷണങ്ങളുടെ വിൽപ്പനക്കാരാണ്. പരിചയക്കാരിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ എല്ലാം ചെറിയ ഓർഡറെടുത്ത് കേക്ക് തയ്യാറാക്കി നൽകിയിരുന്നവരും നിരവധിയാണ്. ഫേസ് ബുക്കും വാട്സാപ്പുമാണ് പ്രധാന വിപണന മാദ്ധ്യമം. എന്നാൽ ഇനി ഈ പതിവ് നടക്കില്ല. ഇതിനും ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാണെന്ന ഓർമ്മപ്പെടുത്തലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.
ബേക്കറികൾ, ചായക്കടകൾ, ഹോട്ടലുകൾ, സ്‌റ്റേഷനറി സ്‌റ്റോറുകൾ, അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌ക്കൂളുകൾ, ഭക്ഷണം പാകം ചെയ്യുന്ന ആളുകൾ, പലഹാരങ്ങൾ കൊണ്ടുനടന്ന് വിൽപന നടത്തുന്നവർ, കാറ്ററിംഗ് സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം നടത്തുന്നവർ, പഴം പച്ചക്കറി കച്ചവടക്കാർ, മത്സ്യ കച്ചവടക്കാർ, പെട്ടിക്കടക്കാർ എന്നിവർക്ക് പുറമെ ഹോം മെയ്ഡ് കേക്കുകൾ വിൽക്കുന്നവരും ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമായി ചെയ്തിരിക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം.
 പിഴയും തടവും ശിക്ഷ
രജിസ്‌ട്രേഷൻ എടുക്കാത്തവർക്ക് 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും ശിക്ഷ. ആദ്യഘട്ടമെന്ന നിലയിൽ ബോധവത്കരണമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തുന്നത്.
'' ഏത് ഭക്ഷ്യ വസ്തുവിന്റെ വിൽപ്പനയും വിതരണവും ലൈസൻസ് മുഖേനയേ നടത്താനാവൂ. ഭക്ഷ്യ വിഷബാധയടക്കം ഒഴിവാക്കാൻ കഴിയും. സാധനങ്ങളുടെ പേരും രജിസ്റ്റർ നമ്പറും വിലയും എക്സ്പെയറി ഡേറ്റുമടക്കമുള്ള വിവരങ്ങൾ കവറിൽ രേഖപ്പെടുത്തണം''
ഭക്ഷ്യ സുരക്ഷാ വിഭാഗം
 രജിസ്ട്രേഷൻ ഓൺലൈനിൽ. 100 രൂപ ഫീസ്, ഫോട്ടോ ഐഡി പ്രൂഫ്