കോട്ടയം : കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന റബർ കർഷകരെ സംരക്ഷിക്കുന്നതിന് റബർ അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ കിൻഫ്രാ മുഖാന്തിരം സിയാൽ മോഡലിൽ ആരംഭിച്ചിരിക്കുന്ന കമ്പനിയുടെ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. റബർ അധിഷ്ഠിത വ്യവസായങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളും നിർമ്മിച്ച് വിപണനം നടത്തുക മാത്രമാണ് കർഷകരെ സംരക്ഷിക്കുന്നതിനുള്ള ഏക പോംവഴിയെന്ന് ജില്ലാ പഞ്ചായത്ത് യോഗം വിലയിരുത്തി. പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ്, അംഗങ്ങളായ പി.സുഗതൻ, അഡ്വ.കെ.കെ രഞ്ജിത്ത്, ജയേഷ് മോഹൻ, മഹേഷ് ചന്ദ്രൻ, ബെറ്റി റോയി, കല മങ്ങാട്ട് എന്നിവർ പങ്കെടുത്തു.