വൈക്കം : മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഇന്ന് തുടങ്ങും. ഊട്ടുപുര മാളികയിൽ ക്രമീകരിക്കുന്ന നവരാത്രി മണ്ഡപത്തിലേക്ക് വൈകിട്ട് 5 ന് ശ്രീകോവിലിൽ നിന്ന് ഗ്രന്ഥം പൂജിച്ച് എഴുന്നള്ളിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നവരാത്രി ആഘോഷം ക്രമീകരിച്ചിട്ടുള്ളത്. മണ്ഡപത്തിൽ ദീപം തെളിച്ച് ചടങ്ങുകൾ തുടങ്ങും. കലാപീഠം വിദ്യാർത്ഥികളുടെ വാദ്യ ഉപകരണങ്ങളും പുസ്തകങ്ങളും മറ്റ് ഗ്രന്ഥങ്ങളും പൂജവയ്പ്പിന് ഒരുക്കും. 26 ന് രാവിലെ വിജയദശമി ദിനത്തിൽ വിദ്യാരംഭം, പൂജയെടുപ്പ് എന്നിവയും നടക്കും. പുസ്തകപൂജ, വിദ്യാരംഭം എന്നിവ വഴിപാടായി നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ. ആർ. ബിജു അറിയിച്ചു.