 
കട്ടപ്പന: സായംസന്ധ്യ, അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ... ഇടുക്കിയുടെ സൗന്ദര്യം വിളിച്ചോതുന്ന അയ്യപ്പൻകോവിൽ വെള്ളിലാംകണ്ടത്തു നിന്നുള്ള ദൃശ്യമിപ്പോൾ സാമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. അറക്കുളം സ്വദേശി ജെറിൻ ജോസ് ലോക്ക് ഡൗണിനുമുമ്പ് പകർത്തിയ ദൃശ്യമാണ് ചലച്ചിത്ര സംവിധായകൻ ഒമർ ലുലു ഉൾപ്പെടെയുള്ളവർ ഫേസ്ബുക്കിൽ പങ്കുവച്ചത്. കഴിഞ്ഞ മാർച്ചിൽ സുഹൃത്തുക്കൾക്കൊപ്പം അയ്യപ്പൻകോവിൽ സന്ദർശിക്കാനെത്തിയപ്പോഴാണ് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വെള്ളിലാംകണ്ടത്തെ ചാർമിനാർ ക്രിക്കറ്റ് ക്ലബ്ബിന്റെ ഗ്രൗണ്ടിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ദൃശ്യം പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം ഇത് ശ്രദ്ധയിൽപെട്ട ആരോ ഗോദ്ധ സിനിമയിലെ ''പൊന്നിൻ കണിക്കൊന്ന അടിമുടി പൂത്തൊരുങ്ങും'' എന്നുതുടങ്ങുന്ന ഗാനവും ഉൾപ്പെടുത്തി വീഡിയോ എഡിറ്റ് ചെയ്ത് ഫേസ്ബുക്കിൽ വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു. കട്ടപ്പന സ്വദേശി ജെൻസ് എബ്രഹാം ട്രോൾ ഇടുക്കി ഗ്രൂപ്പിലും പോസ്റ്റ് ചെയ്തതോടെ വീഡിയോ ഇടുക്കിക്കാർ ഉൾപ്പെടെ ഏറ്റെടുക്കുകയായിരുന്നു. സംവിധായകൻ ഒമർ ലുലുവിന്റെ പേജിലും മറ്റു ഗ്രൂപ്പുകളിലുമായി ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. കനത്തമഴയിൽ ഇടുക്കി ജലാശയത്തിൽ ജലനിരപ്പുയർന്നതോടെ ചാർമിനാർ മൈതാനം ഇപ്പോൾ വെള്ളത്തിനടിയിലാണ്. എറണാകുളത്ത് കേന്ദ്ര സർക്കാർ സ്ഥാപനമായ മറൈൻ പ്രൊഡക്ട് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയിലെ സോഫ്റ്റ്‌വെയർ എൻജിനീയറായ ജെറിൻ ജോസ് മികച്ച ഫോട്ടോഗ്രഫർ കൂടിയാണ്.