വൈക്കം : അണുനശീകരണ പോരാട്ടത്തിൽ ഇനി വൈക്കം നഗരസഭയിലെ കുടുംബശ്രീ അംഗങ്ങളും പങ്കാളികളാകും. വൈക്കം ബ്ലോക്കിലെ ആദ്യ ഡീപ് ക്ലീനിംഗ് ഡിസിൻഫിക്ഷൻ സർവീസ് ടീം അംഗങ്ങൾക്കുള്ള പരിശീലനം വൈക്കം സത്യാഗ്രഹ ഹാളിൽ പൂർത്തീകരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധിരോധപ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതു സ്വകാര്യ വാഹനങ്ങൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ക്വാറന്റൈൻ സെന്ററുകൾ, വീടുകൾ, മാർക്കറ്റ്, മറ്റ് പൊതു ഇടങ്ങൾ എന്നിവ അണുവിമുക്തമാക്കും. പരിശീലനത്തിന്റെ ഭാഗമായി വൈക്കം പൊലീസ് സ്റ്റേഷൻ, നഗരസഭ ഹാൾ എന്നിവ അണുവിമുക്തമാക്കി. പൊതുജനങ്ങൾക്കായി ചതുരശ്ര അടിയ്ക്ക് 2 രൂപ നിരക്കിലും, സ്വകാര്യ വാഹങ്ങൾ ഉൾപ്പെടെയുള്ളവ മിതമായ ഫീസ് നിരക്കിലും യൂണിറ്റ് അണുനശീകരണം നടത്തി നൽകും. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അംബരീഷ്.ജി.വാസു യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. സുനു ജോൺ സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ വി.പി.അജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സന്ധ്യ ശിവൻ,ഫയർഫോഴ്‌സ് വൈക്കം യൂണിറ്റ് ഓഫീസർ സജീവ് കുടുംബശ്രീ പരിശീലന സ്ഥാപനമായ ആലപ്പുഴ ഏക്‌സാത് ടീം എന്നിവർ നേതൃത്വം നൽകി.