ഈരാറ്റുപേട്ട : അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുന്ന ഈരാറ്റുപേട്ട വില്ലേജ് ഓഫീസിന് കൊവിഡ് മാനദണ്ഡം പാലിച്ചുള്ള സൗമൂഹ്യഅകലവും വെല്ലുവിളിയാകുന്നു. ദിനംപ്രതി നൂറിലധികം പേരാണ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. ചുട്ടുപൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയിലും നടുറോഡിൽ കാത്തുനിൽക്കാനാണ് ഇവരുടെ വിധി. 1984 ൽ രൂപീകൃതമായ ഈരാറ്റുപേട്ട വില്ലേജ് 16 വർഷം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച
തിന് ശേഷമാണ് 2000 ൽ അരുവിത്തുറ പള്ളിയ്ക്ക് സമീപം പണി കഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമായിരുന്നു. നാൾക്കുനാൾ അത് വർദ്ധിച്ചു. കൊവിഡ് വ്യാപനം ശക്തമായതോടെ ജനങ്ങൾ ഇടപാടുകൾ നടത്തുന്നത് തുറന്നിട്ട ജനൽപ്പാളികളിലൂടെയാണ്. ആവശ്യങ്ങൾ നിറവേറ്റാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ഗതികേടിലാണ് ജനം. പ്രായമായവരടക്കം ഇതുമൂലം ബുദ്ധിമുട്ടുകയാണ്.
രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം
വില്ലേജ് ഓഫീസിന് കോമ്പൗണ്ട് ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണ്. അവധിദിനങ്ങളിലും മറ്റും പകൽ സമയത്ത് പോലും കൂട്ടംകൂടി മദ്യപാനം ഇവിടെ പതിവാണ്. കൂടാതെ മലമൂത്ര വിസർജനം അടക്കം നടത്തുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.