
കോട്ടയം: പന്ത്രണ്ടുകാരനെ കഴുത്തിൽ തോർത്ത് കുരുങ്ങി മരിച്ച നിലയിൽ ബാത്ത് റൂമിൽ കണ്ടെത്തി. മറിയപ്പള്ളി അണലക്കാട്ടില്ലത്തിൽ ദാമോദരൻ നമ്പൂതിരിയുടെയും ദിവ്യയുടെയും മകൻ ധനുഷാണ് (12) മരിച്ചത്. പിതാവ് ദാമോദരൻ നമ്പൂതിരി തിരുവഞ്ചൂർ പെരിങ്ങള്ളൂർ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. ഇന്നലെ രാവിലെ ഇദ്ദേഹം പതിവുപോലെ ക്ഷേത്രത്തിൽ പോയിരുന്നു. ധനുഷും മാതാവ് ദിവ്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഒൻപത് മണിയോടെ ബാത്ത് റൂമിൽ കുളിക്കാൻ കയറിയ ധനുഷ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് മാതാവ് വെന്റിലേഷനിലൂടെ നോക്കിയപ്പോൾ കഴുത്തിൽ തോർത്ത് മുറുകി ചുവരിൽ ചാരി നിൽക്കുന്നതാണ് കണ്ടത്. അയൽവാസികളെ വിളിച്ചുവരുത്തി ബാത്ത്റൂമിന്റെ വാതിൽ തുറന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മണിപ്പുഴ ബെൽമൗണ്ട് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ ധനുഷ് ഏക മകനാണ്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ഇന്നു ഉച്ചയ്‌ക്കുശേഷം നടക്കും.