dileep

കുറവിലങ്ങാട് : മുറ്റത്തൊരു കാലനക്കം കേട്ടാൽ ഈ വൃദ്ധ ദമ്പതികളുടെ നെഞ്ചിൽ ഒരു തണുപ്പുപടരും. അവനാണോ? . ഒാരോ ഫോൺ ബെല്ലിലും അവർ അവന്റെ ശബ്ദത്തിനു കാതോർക്കും. 18 വർഷം മുൻപ് കാണാതായ മകൻ തിരികെ വരും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഇവർ ഇപ്പൊഴും കഴിഞ്ഞു പോകുന്നത്. കടുത്തുരുത്തി മാന്നാർ ഗ്രീൻലാൻഡിൽ എ.കെ വാസുവിന്റെയും വിമലയുടെയും മകൻ ദിലീപ്, കൃത്യമായി പറഞ്ഞാൽ 2002 ഡിസംബർ 7 ന് രാവിലെ ആപ്പാഞ്ചിറയിലെ കടയിലേക്ക് പോയതാണ്. പിന്നീട് മടങ്ങി വന്നില്ല. പിറ്റേന്ന് താൻ ചെന്നൈയിൽ ഉണ്ടെന്ന് അമ്മാവനായ മോഹനനെ വിളിച്ചറിയിച്ചതായി പറയുന്നു. അവൻ തന്നെയാണോ വിളിച്ചത്? അറിയില്ല.

ഒരാഴ്ച കഴിഞ്ഞും വിവരങ്ങളൊന്നുമില്ലാതെ വന്നതോ‌‌ടെ വാസുവും സുഹൃത്തും കിട്ടിയ സൂചനകൾ വച്ച് ചെന്നൈയിൽ ചെന്ന് അന്വേഷിച്ചു. തമിഴ്, മലയാളം പത്രങ്ങളിൽ മകന്റെ ചിത്രം സഹിതം കാൺമാനില്ലെന്ന് കാട്ടി പരസ്യം നൽകി. അറിയാവുന്നവരോടെല്ലാം തിരക്കി, പരിചയപ്പെടുന്നവരോടെല്ലാം പറഞ്ഞു. എല്ലാ ഈശ്വരന്മാരോടും പ്രാർത്ഥിച്ചു. അന്വേഷിക്കാൻ കഴിയുന്ന ഒരവസരവും നഷ്ടപ്പെടുത്തിയില്ല. ഇന്നേവരെ ഒരു പ്രയോജനവുമുണ്ടായില്ല.

പാലാ പോളിടെക്‌നിക്കിൽ നിന്ന് ഇൻസ്ട്രുമെന്റേഷനിൽ ഡിപ്ലോമ നേടിയ ദിലീപിന് കാണാതാവുമ്പോൾ 21 വയസുണ്ട്. വാർദ്ധക്യസഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന മാതാപിതാക്കൾക്ക് മകനെ ഒരു നോക്കു കാണണമെന്ന ആഗ്രഹം മാത്രമാണുള്ളത്. സാമ്പത്തിക പരാധീനതയും നിയമപരമായ കാര്യങ്ങളിലുള്ള അറിവില്ലായ്‌മയും മൂലം കാണാതായ കാലത്ത് പൊലീസിൽ പരാതിപ്പെട്ടെങ്കിലും തുടർ നടപടികൾക്ക് കഴിഞ്ഞില്ല. ഈയിടെ ഒരിക്കൽക്കൂടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതേത്തുടർന്ന് കടുത്തുരുത്തി എസ്.എച്ച്.ഒ. ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാർദ്ധക്യത്തിൽ താങ്ങാകേണ്ട ഏക ആൺതരിയുടെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ഈ വൃദ്ധദമ്പതികൾക്കൊപ്പം സഹോദരി ദീപയും.