പാലാ : സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് ഗ്രീൻ ടൂറിസം സർക്യൂട്ട് പാലാ പദ്ധതിയുടെ ഭാഗ നടപ്പാക്കുന്ന മീനച്ചിൽ റിവർവ്യൂ പാർക്കിന്റെയും ഗ്രീൻ ടൂറിസം കോംപ്ലക്‌സിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. മന്ത്രി കടകംപളളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. എം. പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ, മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ബിജി ജോജോ, ഫിലിപ്പ് കുഴികുളം, പീറ്റർ പന്തലാനി, ബിനു പുളിയ്ക്കക്കണ്ടം, ഗ്രീൻ ടൂറിസം സർക്യൂട്ട് സി.ഇ.ഒ ജിജു ജോസ് എന്നിവർ പ്രസംഗിച്ചു.

സഫലമായത് മാണിയുടെ സ്വപ്നം
ഹരിത തീർത്ഥാടന ടൂറിസം പദ്ധതിയിലൂടെ പാലാ നഗരം കിഴക്കൻ മേഖലാ ടൂറിസത്തിന്റെ കവാടമാകുമ്പോൾ സഫലമാകുന്നത് കെ.എം.മാണിയുടെ സ്വപ്നം. പാലാ പട്ടണത്തെ ടൂറിസം സർക്യുട്ടിന്റെ പ്രധാന കവാടമായി കണക്കാക്കി വിപുലമായ പദ്ധതിക്ക് രൂപമൊരുക്കി പണി തുടങ്ങിയത് മാണി ധനകാര്യ മന്ത്രി ആയിരുന്ന കാലത്താണ്. ജോസ്. കെ. മാണി ആയിരുന്നു പദ്ധതിയുടെ ആദ്യ ചെയർമാൻ. ഇന്നലെ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത വിശിഷ്ടാതിഥികളെല്ലാം മാണിയുടെ ദീർഘവീക്ഷണത്തെ കുറിച്ച് പരാമർശിച്ചു. 3. 5 കോടിയാണ് ഒന്നാം ഘട്ടമായി അനുവദിച്ചിരുന്നത്. രണ്ടാംഘട്ടമായാണ് മീനച്ചിലാറിന്റെ മറുകരയുമായി പദ്ധതി ബന്ധിപ്പിച്ച് കൂടുതൽ വിപുലപ്പെടുത്തുന്നതിന് 4.25കോടി രൂപ കൂടി കെ.എം.മാണി അനുവദിച്ചത്.