
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് മന്നോടിയുള്ള പുള്ളി സന്ധ്യ വേല ആരംഭിച്ചു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം വൈക്കത്തപ്പന്റെ തിടമ്പ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ വേമ്പനാട് അർജ്ജുനൻ തിടമ്പേറ്റി. കലാപീഠം ബാബു, വൈക്കം ജയൻ, വൈക്കം കാർത്തിക്, വെച്ചൂർ വൈശാഖ്, വൈക്കം ചന്ദ്രൻ എന്നിവർ മേളമൊരുക്കി എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് മൂന്നു വലം വച്ചു. 24, 26, 28 തീയതികളിലും പുള്ളി സന്ധ്യ വേല ഉണ്ടാവും.
രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ ചടങ്ങുകൾ. കൊവിഡ് കാരണം ആചാരമനുസരിച്ച് ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി ഉപാധികളോടെയാണ് ചടങ്ങുകൾ നടത്തുക. നവംബർ 27 നാണ് കൊടിയേറ്റ്.ഡിസംബർ 8 നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. 9 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.