കട്ടപ്പന: ഇരട്ടയാറിൽ തമിഴ് വംശജനായ ഡോക്ടറെയും ഭാര്യയേയും മർദിച്ച അയൽവാസികളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാർ മേച്ചേരിൽ ഷാജി(52), മക്കളായ ടോണി(25), ടോം(24) എന്നിവരാണ് പിടിയിലായത്. അതിര് തർക്കത്തിന്റെ പേരിൽ ഇരട്ടയാറിൽ ഗുരുചിത്ര ക്ലിനിക്ക് നടത്തുന്ന ഡോ. വരദരാജ്, ഭാര്യ നില എന്നിവർക്കാണ് ബുധനാഴ്ച രാത്രി എട്ടോടെയാണ് മർദനമേറ്റത്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിനു സമീപത്തുകൂടിയുള്ള ഓട അടച്ചതുമായി ബന്ധപ്പെട്ട് നേരത്തെ തർക്കം നിലനിന്നിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വരദരാജ് വീട്ടിലേക്കു പോകുന്നതിനിടെ ഷാജിയും മക്കളും ചേർന്ന് മരക്കമ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഡോക്ടറുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യ നിലയേയും മൂവരും ചേർന്ന് മർദിച്ചു. ശരീരമാസകലം പരിക്കേറ്റ ഇരുവരെയും സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. അക്രമികളുടെ കൈവശം മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഡോ. വരദരാജ് പറഞ്ഞു. 25 വർഷമായി ഇരട്ടയാറിൽ ക്ലിനിക് നടത്തുന്ന ഇദ്ദേഹം തിരുനെൽവേലി സ്വദേശിയാണ്. സംഭവത്തിൽ കേസെടുത്തശേഷം കട്ടപ്പന സി.ഐ. വിശാൽ ജോൺസന്റെ നേതൃത്വത്തിൽ പ്രതികളെ വീട്ടിൽ നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കട്ടപ്പന കോടതിയിൽ ഹാജരാക്കും.