കുറവിലങ്ങാട് : ഒരു ബാഗ് സിമന്റിന് 40 രൂപയിലധികം അന്യായമായി വർദ്ധിപ്പിച്ച സിമന്റ് കമ്പനികളുടെ നടപടിയിൽ സർക്കാർ ഇടപെടണമെന്ന് ലെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ കുത്തക കമ്പനികൾ ഉത്പാദനം കുറച്ച് കൃത്രിമക്ഷാമം ഉണ്ടാക്കി ഇനിയും വില വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സംസ്ഥാനത്തെ നിർമ്മാണമേഖലയ്ക്ക് ആവശ്യമായ 90% സിമന്റും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നതിനാൽ കേരളത്തെ ചൂഷണം ചെയ്യാൻ കമ്പനികൾക്ക് കഴിയും. മറ്റു സംസ്ഥാനങ്ങളിൽ സിമന്റ് വില വർദ്ധനവിൽ സർക്കാരിന് നിയന്ത്രണമുണ്ട്. വിലവർദ്ധനവ് മൂലം നിർമാണ മേഖല വൻ പ്രതിസന്ധിയിലേക്ക് പോകാതെ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബി.വിജയകുമാർ, സെക്രട്ടറി കെ.എൻ പ്രദീപ് കുമാർ, ട്രഷറർ ടി.സി ബൈജു എന്നിവർ പ്രസംഗിച്ചു.